ന്യൂഡൽഹി: പഴയ പാർലമെന്റിൽനിന്ന് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് എത്തിയപ്പോൾ രാഷ്ട്രപതിയുടെ റോൾ ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രത്തിന്റെ പരമോന്നത സ്ഥാനത്തുള്ള രാഷ്ട്രപതിക്ക് പാർലമെന്റിൽ നൽകിവരുന്ന പ്രോട്ടോകോൾ മുൻഗണനകൾ പ്രധാനമന്ത്രി ഏറ്റെടുക്കുന്ന അസാധാരണ കാഴ്ചകളാണ് പാർലമെന്റ് മന്ദിര ഉദ്ഘാടനച്ചടങ്ങിൽ അരങ്ങേറിയത്. പാർലമെന്റിന്റെ പ്രോട്ടോകോൾ ആകെത്തന്നെ തെറ്റി.
ലോക്സഭ, രാജ്യസഭ അംഗങ്ങൾ ഒന്നിച്ച് പങ്കെടുക്കുന്ന ഔപചാരിക സമ്മേളനങ്ങളിൽ രാഷ്ട്രത്തിന്റെയും പാർലമെന്റിന്റെയും പരമാധികാരിയായ രാഷ്ട്രപതി വിശിഷ്ടാതിഥിയാകുന്നതാണ് കീഴ്വഴക്കം.ഇത്തരം സന്ദർഭങ്ങളിൽ അതിഥിയായ രാഷ്ട്രപതിക്ക് വേദിയിലും ആതിഥേയനായ പ്രധാനമന്ത്രിക്ക് സദസ്സിലുമാണ് സ്ഥാനം. എന്നാൽ, പാർലമെന്റ് മന്ദിര ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രിതന്നെ വിശിഷ്ടാതിഥിയായി. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ എന്നിവരെ ക്ഷണിച്ചില്ല. പാർലമെന്റിലെ പരിപാടികളിൽ ലോക്സഭയുടെയും രാജ്യസഭയുടെയും അധ്യക്ഷർക്കാണ് വേദിയിൽ രാഷ്ട്രപതിക്ക് ഇരുവശത്തുമായി സ്ഥാനം.
എന്നാൽ, രാജ്യസഭ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതിക്ക് ഇടമുണ്ടായില്ല. രാഷ്ട്രപതിയെ ക്ഷണിക്കാത്തതിനാൽ ഉപരാഷ്ട്രപതിയെയും ക്ഷണിച്ചില്ല.ഫലത്തിൽ രാജ്യസഭയുടെ അധ്യക്ഷൻ പാർലമെന്റ് ഉദ്ഘാടനച്ചടങ്ങിൽ പുറത്തായി. രാജ്യസഭയെ പ്രതിനിധീകരിച്ചത് ഉപാധ്യക്ഷൻ ഹരിവംശ്.
വേദിയിൽ രാഷ്ട്രപതിയുടെ സ്ഥാനത്ത് വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി ഇരുന്നപ്പോൾ ലോക്സഭ സ്പീക്കർ, രാജ്യസഭ ഡെപ്യൂട്ടി സ്പീക്കർ എന്നിവർക്ക് ഇരുവശത്തുമായിരുന്നു സ്ഥാനം. ലോക്സഭ സ്പീക്കർ സ്വാഗതം പറഞ്ഞപ്പോൾ രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സന്ദേശം വായിക്കുന്ന ചുമതലയായിരുന്നു രാജ്യസഭ ഡെപ്യൂട്ടി സ്പീക്കർക്ക്.
പുതിയ പാർലമെന്റ് മന്ദിരത്തിൽ ലോക്സഭ ഹാൾ സെൻട്രൽ ഹാൾ കൂടിയാണ്. രണ്ടു സഭകളുടെയും അംഗങ്ങളുടെ സംയുക്ത സമ്മേളനം നടക്കുന്നത് ഇവിടെയാണ്.സെൻട്രൽ ഹാളിലേക്ക് രാഷ്ട്രപതി കടന്നുവരുമ്പോൾ കിട്ടുന്ന പ്രോട്ടോകോൾ പരിഗണനയാണ് പ്രധാനമന്ത്രിക്ക് നൽകിയത്. രാഷ്ട്രപതി എത്തുമ്പോൾ പ്രധാനമന്ത്രി, സഭാധ്യക്ഷർ എന്നിവർ ചേർന്നാണ് സ്വീകരിച്ച് ഹാളിലേക്ക് ആനയിക്കുക.
ഞായറാഴ്ച ലോക്സഭ സ്പീക്കറും രാജ്യസഭ ഡെപ്യൂട്ടി സ്പീക്കറും ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ച് ആനയിച്ചു.സഭകളിൽ പ്രധാനമന്ത്രിയോടും നിർദേശിക്കാൻ അധികാരമുള്ള ഇവർക്കുള്ള പ്രോട്ടോകോൾ പരിഗണനകൾ മാറിനിന്നു. ചുരുക്കത്തിൽ ഉദ്ഘാടനം മോദിയിൽ മാത്രം കേന്ദ്രീകരിക്കാനായിരുന്നു പ്രത്യേക ശ്രദ്ധ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.