ന്യൂഡൽഹി: കഴിഞ്ഞ രണ്ട് ലോക്സഭ തെരഞ്ഞെടുപ്പിലും മിന്നിത്തിളങ്ങിയ മോദി പ്രഭാവത്തിന് ഇത്തവണ മങ്ങലേറ്റപ്പോൾ ഉദിച്ചുയർന്നത് രാഹുൽ ഗാന്ധി. കഴിഞ്ഞ തവണ വരാണസി മണ്ഡലത്തിൽനിന്ന് 4,79,505 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയ മോദിയുടെ ഭൂരിപക്ഷം കുറയാതിരിക്കാൻ ഇത്തവണ പ്രവർത്തകർ ആഞ്ഞു ശ്രമിച്ചെങ്കിലും 1,52,513 ആയി കുത്തനെ കുറഞ്ഞു. ഒരു ഘട്ടത്തിൽ ആറായിരത്തിലധികം വോട്ടിന് മോദി പിറകിൽ പോവുക പോലുമുണ്ടായി. മോദി 6,12,970 വോട്ട് നേടിയപ്പോൾ മുഖ്യ എതിരാളി കോൺഗ്രസിലെ അജയ് റായ് 4,60,457 വോട്ട് പിടിച്ചു. 2014ലെ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാൾ എതിരാളിയായി എത്തിയപ്പോൾ പോലും മോദി 3,71,784 വോട്ടിന്റെ മൂൻതൂക്കം മണ്ഡലത്തിൽ നേടിയിരുന്നു.
അതേസമയം, ഉത്തർപ്രദേശിൽ സോണിയ ഗാന്ധി ഒഴിഞ്ഞ റായ്ബറേലിയിലും വയനാട്ടിലും മത്സരത്തിനിറങ്ങിയ രാഹുലിന് രണ്ടിടത്തും മൂന്നര ലക്ഷത്തിലധികമാണ് ഭൂരിപക്ഷം. റായ്ബറേലിയിൽ 3,90,030 വോട്ടിനാണ് രാഹുൽ ജയിച്ചത്. രാഹുൽ 6,87,649 വോട്ട് നേടിയപ്പോൾ ബി.ജെ.പിയിലെ എതിർ സ്ഥാനാർഥി ദിനേശ് പ്രതാപ് സിങ്ങിന് 2,97,619 വോട്ട് മാത്രമാണ് നേടാനായത്. ഉത്തർപ്രദേശിൽ ഭൂരിപക്ഷത്തിന്റെ കണക്കിൽ ഒന്നാമതാണ് രാഹുൽ ഗാന്ധി.
2004 മുതൽ സോണിയ ഗാന്ധി കൈവശംവെക്കുന്ന മണ്ഡലമാണ് റായ്ബറേലി. 2019ൽ 1.67 ലക്ഷം വോട്ടുകൾക്കാണ് സോണിയ ഗാന്ധി ജയിച്ചത്. 2014ൽ മൂന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. മണ്ഡലത്തിന്റെ ചരിത്രത്തിൽ 2009ലെ തെരഞ്ഞെടുപ്പിലാണ് സോണിയ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയത്. അന്ന് നേടിയ 3.72 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ രാഹുൽ മറികടന്നത്.
വയനാട്ടിൽ ശക്തരായ എതിരാളികളെത്തിയതോടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നിലനിർത്താനായില്ലെങ്കിലും 3,64,422 വോട്ടിന്റെ മുൻതൂക്കമാണ് സ്വന്തമാക്കിയത്. രാഹുൽ 6,47,445 വോട്ട് നേടിയപ്പോൾ തൊട്ടടുത്ത എതിർ സ്ഥാനാർഥിയും സി.പി.ഐ ദേശീയ നേതാവുമായ ആനിരാജ 2,83,023 വോട്ടുമായി രണ്ടാമതെത്തി. കൊട്ടിഘോഷിച്ച് ബി.ജെ.പി രംഗത്തിറക്കിയ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് 1,41,045 വോട്ടുമായി തൃപ്തിപ്പെടേണ്ടിവന്നു.
ഭാരത് ജോഡോ യാത്രയും വിവിധ കക്ഷികളെ കൂടെ നിർത്താനുള്ള ശ്രമങ്ങളും ജനങ്ങളെ ഒന്നിപ്പിക്കലിന്റെ സന്ദേശമുയർത്തിയുള്ള പ്രചാരണവുമെല്ലാം രാഹുലിന്റെ സ്വീകാര്യത ഉയർത്തിയപ്പോൾ പ്രധാനമന്ത്രിയെന്ന സ്ഥാനത്തിന്റെ മഹത്വം പോലും മറന്ന് വർഗീയതയിൽ അഭയം തേടിയ മോദിക്ക് പറയാൻ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായിരുന്നില്ല. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.