പി.എഫ്.ഐ നിരോധനത്തിനു മുമ്പ് മോദി സർക്കാർ രാജ്യ​ത്തെ പ്രമുഖ മുസ്‍ലിം സംഘടനകളിൽ നിന്ന് ഉപദേശം തേടി

ന്യൂഡൽഹി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും പ്രമുഖ മതസംഘടനകളുടെ ഉപദേശം തേടിയിരുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്. പോപുലർ ഫ്രണ്ടിനെ സംബന്ധിച്ച കാഴ്ചപ്പാട് അറിയുന്നതിനായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ സെപ്റ്റംബർ 17ന് വിവിധ മതസംഘടന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടിക്കാഴ്ച കഴിഞ്ഞ് സെപ്റ്റംബർ 22നാണ് എൻ.ഐ.എയും ഇ.ഡിയും വിവിധ സംസ്ഥാനങ്ങളിലെ പൊലീസും സംയുക്തമായി പോപുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയത്.

ദേശീയ സുരക്ഷ ഏജൻസിയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ദിയോബന്ദി, ബറേൽവി, എന്നീ മതസംഘടനകളുടെയും സുഫി വിഭാഗത്തിന്റെയും അഭിപ്രായം ആരാഞ്ഞിരുന്നു. പി.എഫ്.ഐ വഹാബി സലഫി അജണ്ട പിന്തുടരുന്ന പാൻ ഇസ്‍ലാമിക് സംഘടനയാണെന്ന് എല്ലാ മതസംഘട നേതാക്കളും ഒരേ സ്വരത്തിൽ അംഗീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

പോപുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്രസർക്കാർ തീരുമാനം സൂഫി, ബറേൽവി പുരോഹിതർ സ്വാഗതം ചെയ്തിട്ടുണ്ട്. തീവ്രവാദത്തിനെതിരെ നടപടി വരുമ്പോൾ എല്ലാവരും ക്ഷമയോടെ വർത്തിക്കണമെന്ന് ആൾ ഇന്ത്യ സൂഫി സജ്ജദനാശിൻ കൗൺസിൽ ചെയർമാൻ ആഹ്വാനം ചെയ്തു. തീവ്രവാദത്തെ ഇല്ലാതാക്കാൻ സർക്കാരും അന്വേഷണ ഏജൻസികളും നടത്തുന്ന പ്രവർത്തനങ്ങൾ സ്വാഗതാർഹമാണെന്നും ചെയർമാൻ പ്രസ്താനവനയിൽ അറിയിച്ചു.

നിരോധിച്ച നടപടി അജ്മീർ ദർഗ ആത്മീയ നേതാവ് സൈനുൽ ആബിദീൻ അലി ഖാനും സ്വാഗതം ചെയ്തു. തീവ്രവാദം തടയാൻ നിയമ നടപടികൾ സ്വീകരിക്കുന്നത് എല്ലാവരും സ്വാഗതം ചെ​യ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ''രാജ്യം സുരക്ഷിതമായാൽ നമ്മളും സുരക്ഷിതരായിരിക്കും. ഏതൊരു സംഘടനയേക്കാളും ആശയത്തേക്കാളും വലുതാണ് രാഷ്ട്രം. രാജ്യത്തെ ഭിന്നിപ്പിക്കാനും ഐക്യത്തെയും പരമാധികാരത്തെയും തകർക്കാനും ജനങ്ങളുടെ സമാധാനം ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് ഒരാൾ പ്രവർത്തിക്കുന്നതെങ്കിൽ അയാൾക്ക് ഇവിടെ ജീവിക്കാൻ ഒരു തരത്തിലും അവകാശമി​ല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിരോധനത്തെ ശരിവെച്ച ആൾ ഇന്ത്യ മുസ്‍ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന ശഹാബുദ്ദീൻ റസ്‍വി ബറേൽവി തീവ്രവാദം തടയാനുള്ള ശരിയായ നടപടിയാണിതെന്നും സൂചിപ്പിച്ചു.

Tags:    
News Summary - Modi government consulted Muslim outfits before action on PFI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.