ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം ദേശീയ ജനാധിപത്യ സഖ്യ (എൻ.ഡി.എ) സർക്കാറിന് ശനിയാഴ്ച ഒരുവയസ് തികഞ്ഞു. കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഓൺലൈനായി നടത്താനാണ് ബി.ജെ.പി തീരുമാനം. സർക്കാറിൻെറ ഭരണനേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ഒരുമാസം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടികൾക്കും ഇന്ന് തുടക്കമാകും.
ഒന്നാം വാർഷികമായ ഇന്ന് 1000 ഓൺലൈൻ സമ്മേളനങ്ങൾ സംഘടിപ്പിക്കും. രാജ്യവ്യാപകമായി 500 ഓൺലൈൻ റാലികളും വെർച്വൽ സമ്മേളനങ്ങളും നടത്തും. വൈകീട്ട് നാലിന് ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ഫേസ്ബുക്ക് ലൈവിലൂടെ പാർട്ടിപ്രവർത്തകരെ അഭിസംബോധന ചെയ്യും. സർക്കാരിന്‍റെ നേട്ടങ്ങൾ ഉയർത്തി കാട്ടാൻ കേന്ദ്ര മന്ത്രിമാരുടെ അഭിമുഖങ്ങളും വിഡിയോയും ശനിയാഴ്ച പുറത്തിറക്കും. സ്വാശ്രയ ഇന്ത്യ പദ്ധതി വിവരിക്കുന്ന പ്രധാനമന്ത്രിയുടെ കത്ത് രാജ്യത്തെ പത്തു കോടി കുടുംബങ്ങൾക്കിടയിൽ വിതരണം ചെയ്യും.
2014ന് സമാനമായി മൃഗീയ ഭൂരിപക്ഷത്തോടെയാണ് എൻ.ഡി.എ 2019 മെയ് 30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറിയത്. ബി.ജെ.പി ഒറ്റക്ക് കേവല ഭൂരിപക്ഷം നേടി. 545 ലോക്സഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 303 സീറ്റുകളാണ് ബി.ജെ.പിക്ക് മാത്രം കിട്ടിയത്. ഘടകകക്ഷികളുടെ സീറ്റുകളും ചേർത്താൽ അത് 353 ആകും.
അധികാരത്തിൽ വന്ന ശേഷം മുത്തലാഖ്, കശ്മീരിൻെറ പ്രത്യേക പദവി നൽകുന്ന ആർട്ടിക്ക്ൾ 370 റദ്ദാക്കൽ, പൗരത്വ ഭേദഗതി നിയമം, ആേയാധ്യയിലെ രാമക്ഷേത്ര നിർമാണം തുടങ്ങി ബി.ജെ.പി.യുടെ പ്രഖ്യാപിത നിലപടുകൾ നിയമപരമായി നടപ്പിലാക്കി എടുക്കാനാണ് മോദി സർക്കാർ ശ്രമിച്ചത്. ഇതോടൊപ്പം സാമ്പത്തിക പ്രതിസന്ധി, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ, 53 പേരുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയ ഡൽഹി കലാപം എന്നിവ സർക്കാറിൻെറ തലവേദനയായി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കൊപ്പം അതിവേഗം പടർന്ന് കൊണ്ടിരിക്കുന്ന കോറോണ വൈറസിനെ എങ്ങനെ പിടിച്ചുകെട്ടുമെന്നതുമാണ് സർക്കാറിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.