രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷാ സംവിധാനമാകെ മോദി തകർത്തു -രാഹുൽ ഗാന്ധി

പട്യാല: രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷാ സംവിധാനമാകെ നരേന്ദ്ര മോദി തകർത്തു കഴിഞ്ഞതായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാറിന്‍റെ കർഷകദ്രോഹപരമായ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിലും ഹരിയാനയിലും റാലി നയിക്കുന്ന സാഹചര്യത്തിലാണ് കടുത്ത രാഹുൽ കടുത്ത വിമർശനമുയർത്തിയത്.

ജി.എസ്.ടിയും നോട്ട് നിരോധനവും നടപ്പാക്കിയതിലൂടെ സാധാരണ കടക്കാരെയും ചെറുകിട-ഇടത്തരം വ്യാപാരികളെയും മോദി തകർത്തു കഴിഞ്ഞു. ഇനി കർഷകരെയും തൊഴിലാളികളെയും തകർക്കാനായാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നത്.

വരുംകാലത്ത് യുവാക്കൾക്ക് തൊഴിൽ നൽകാൻ രാജ്യത്തിന് കഴിയാതാകും. കാരണം, തൊഴിൽ മേഖലയാകെ മോദി തകർത്തു കഴിഞ്ഞു. കാർഷിക ബില്ലുകൾ നടപ്പാകുന്നതോടു കൂടി ഇനി ജനങ്ങൾക്ക് ഭക്ഷണവും കിട്ടാതാകും.

കേന്ദ്ര സർക്കാർ അവകാശപ്പെടുന്നതു പോലെ കാർഷിക നിയമങ്ങളിലൂടെ കർഷകർക്കാണ് മെച്ചമെങ്കിൽ എന്തുകൊണ്ട് പാർലിമെന്‍റിൽ ഇത് ചർച്ച ചെയ്യാൻ അവർ മടിക്കുന്നു -രാഹുൽ ചോദിച്ചു.

എ.പി.എം.സി (അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി) സംവിധാനത്തെ കുറിച്ചുള്ള കോൺഗ്രസ് നിലപാടും രാഹുൽ വിശദീകരിച്ചു. ഭക്ഷ്യസംവിധാനമാകെ തകർക്കണമെന്ന് കോൺഗ്രസ് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഇപ്പോൾ ബി.ജെ.പി ചെയ്യുന്നത് അതാണ്. ഭക്ഷ്യസുരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്തുമെന്ന നിലപാടാണ് കോൺഗ്രസ് എക്കാലവും കൈക്കൊണ്ടത്. നിലവിലെ സംവിധാനത്തിൽ ന്യൂനതകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കപ്പെടണം. പക്ഷേ, മോദി ചെയ്ത പോലെ സംവിധാനത്തെയാകെ ഞങ്ങൾ തകർക്കില്ല -രാഹുൽ വ്യക്തമാക്കി.

ഇന്ത്യയുടെ ആത്മാവായ കർഷകരെയും തൊഴിലാളികളെയും തകർക്കാനുള്ള ഏതൊരു നീക്കത്തെയും കോൺഗ്രസ് ചെറുക്കും. അവർക്ക് വേണ്ടി ഒറ്റക്കെട്ടായി അണിനിരക്കുമെന്നും രാഹുൽ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.