250 വർഷം കൊണ്ട് ബ്രിട്ടീഷുകാർ കൊള്ളടയിച്ചതിനേക്കാൾ ഒമ്പത് വർഷം കൊണ്ട് മോദി സർക്കാർ കൊള്ളയടിച്ചു - അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: 250 വർഷം ബ്രിട്ടീഷുകാർ കൊള്ളയടിച്ചതിനെക്കാൾ കൂടുതൽ ഒമ്പത് വർഷം കൊണ്ട് ഇന്ത്യയെ മോദി സർക്കാർ കൊള്ളയടിച്ചുവെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു കെജ്രിവാളിന്‍റെ പരാമർശം. ഛത്തീസ്ഗഡിലെ അഴിമതികൾ ഇല്ലാതാക്കാൻ ആം ആദ്മിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"വോട്ട് വിലക്ക് വാങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടി മോദിജി എന്നോട് ദേഷ്യത്തിലാണ്. അതെ മോദിജി, ഞാന്‍ പലതും സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. പക്ഷേ നിങ്ങളുടെ ആളുകൾ ആ സൗജന്യങ്ങളെല്ലാം കൊള്ളയടിച്ച് സ്വന്തം വീടുകളിലേക്ക് കൊണ്ടുപോകാന്‍ മാത്രമാണ് ശ്രമിക്കുന്നത്. ഞാൻ പാവങ്ങളുടെ കൈയിൽ നേരിട്ട് ഈ സൗജന്യങ്ങൾ എത്തിക്കുന്നതിന് നിങ്ങൾ ഇത്ര പരവശനാകുന്നത് എന്തിനാണ്" - കെജ്രിവാൾ പറഞ്ഞു.

രാജ്യത്ത് പ്രതിദിനമുണ്ടാകുന്ന വിലക്കറ്റത്തെയും കെജ്രിവാൾ പരാമർശിച്ചു. "പച്ചക്കറി, പാൽ, പൊടികൾ എന്നിവക്ക് പ്രതിദിനം വില കൂടുകയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ രാജ്യത്ത് വിലക്കയറ്റമുണ്ടാകുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? സ്വാതന്ത്ര്യത്തിന് ശേഷം ചുമത്താവുന്നതിൽ വെച്ച് കൂടുതൽ നികുതി മോദി സർക്കാർ ചുമത്തി. ചായയെയോ കാപ്പിയെയോ പോലും മോദി സർക്കാർ വെറുതെവിട്ടിട്ടില്ല. ബ്രിട്ടീഷുകാർ രാജ്യം ഭരിച്ചിരുന്ന സമയത്ത് അവർ പോലും പാലിനോ മറ്റ് ഉത്പന്നങ്ങൾക്കോ നികുതി ചുമത്തിയിരുന്നില്ല. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിനിടക്ക് ഇതുവരെ ഭക്ഷണ സാധനങ്ങൾക്ക് മേൽ നികുതി ചുമത്തുന്ന സംസ്കാരം നമ്മൾ കണ്ടിട്ടില്ല. ഇത്രയധികം നികുതി ചുമത്തിയിട്ട് ആ പണം മോദിജി ആർക്കാണ് നൽകുന്നത്? അദ്ദേഹത്തിന് 'സുഹൃത്തുക്കൾ' ഉണ്ട്. സുഹൃത്തിന്‍റെ 11 ലക്ഷം കോടിയുടെ വായ്പയാണ് മോദിജി എഴുതിത്തള്ളിയത്.

250 വർഷം കൊണ്ട് പ്രിട്ടീഷുകാർ കൊള്ളയടിച്ചതിനേക്കാൾ കൂടുതൽ വെറും ഒമ്പത് വർഷം കൊണ്ട് മോദിജി കൊള്ളയടിച്ചു. 75 വർഷത്തിനിടക്ക് കോൺഗ്രസ് പോലും ഇത്രയും കൊള്ളയടിച്ചിട്ടില്ല" - അദ്ദേഹം കൂട്ടിച്ചേർത്തു.

മോദി അനീതി തുടർന്നു കൊണ്ടിരിക്കുന്ന സമയത്താണ് മനീഷ് സിസോദിയയെ കേന്ദ്ര സർക്കാർ അനീതി കാണിച്ചെന്ന് ചൂണ്ടിക്കാട്ടി ജയിലിലടച്ചത്. മോദി അധികാരത്തിലെത്തിയ ശേഷം രാജ്യം കൂപ്പുകുത്തിയതല്ലാതെ വളർച്ചയുണ്ടായിട്ടില്ല. നോട്ട് നിരോധനം കൊണ്ട് ആർക്കാണ് നേട്ടമുണ്ടായത്. അഴിമതിയും അക്രമവും നോട്ട് നിരോധനത്തോടെ ഇല്ലാതാകും എന്നായിരുന്നു മോദി അന്ന് പറഞ്ഞിരുന്നത്. എന്നിട്ട് എന്താണ് രാജ്യത്ത് സംഭവിച്ചത്. വിദ്യാഭ്യാസമുള്ള ഒരു വ്യക്തിയുണ്ടായിരുന്നെങ്കിൽ നോട്ട് നിരോധനം നടക്കില്ലായിരുന്നുവെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി.

ഛത്തീസ്ഗഡിന് നല്ല രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ പ്രവർത്തകരുമല്ലാതെ മറ്റെല്ലാം ദൈവം നൽകിയിട്ടുണ്ട്. 23 വർഷത്തിനിടക്ക് സംസ്ഥാനത്ത് കോൺഗ്രസും ബി.ജെ.പിയും എന്ത് നല്ല കാര്യമാണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. ആം ആദ്മി പാർട്ടി സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ സൗജന്യ വൈദ്യുതി, ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം, സൗജന്യ വെള്ളം, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര സംവിധാനം, യുവാക്കൾക്ക് തൊഴിൽ എന്നിവ ഉറപ്പാക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി.

Tags:    
News Summary - Modi govt looted india for the past nine years even more than britishers did in 250 years says Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.