ന്യൂഡൽഹി: പശു സംരക്ഷണത്തിനായി ദേശീയ കമീഷൻ രൂപവത്കരിക്കുമെന്ന് ഇടക്കാല ബജറ്റിൽ മന്ത്രി പീയുഷ് ഗോയൽ. രാഷ്ട്രീയ കാമധേനു ആയോഗാണ് രൂപവത്കരിക്കുന്നത്. പശുസംരക്ഷണത്തിനും പശുക്കളുടെ ജനിതകശേഷി, ഉൽപാദനം തുടങ്ങിയവ വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ആയോഗ് സ്ഥാപിക്കുന്നത്.
പശുസംരക്ഷണത്തിനായുള്ള നിയമങ്ങളുടെയും വിവിധ പദ്ധതികളുടെയും കാര്യക്ഷമമായി നടത്തിപ്പ് ആയോഗ് ഉറപ്പാക്കും. കൂടാതെ, ദേശീയ ഗോകുൽ മിഷന് ഈ വർഷം 750 കോടി അധികമായി അനുവദിച്ചു.
കേന്ദ്ര ബജറ്റിലെ പശുക്ഷേമ പദ്ധതികളെ സ്വാഗതം ചെയ്ത് ആർ.എസ്.എസ് രംഗത്തെത്തി. ധനമന്ത്രി പിയൂഷ് ഗോയൽ അവതരിപ്പിച്ച രാഷ്ട്രീയ കാമധേനു അയോഗ് പദ്ധതി മികച്ചതാണെന്നും നല്ല പദ്ധതികൾ ആവിഷ്കരിച്ചാൽ കർഷക ആത്മഹത്യകൾ തടയാമെന്നും ആർ.എസ്.എസ് ഗൗ സേവാ പ്രമുഖ് അജിത് മഹാപത്ര വ്യക്തമാക്കി.
പശുവിനായി ദേശീയ കമ്മീഷനെ നിയമിച്ച നടപടി സ്വാഗതം ചെയ്യുന്നു. പക്ഷേ, നാടൻ പശുക്കളുടെ ക്ഷേമത്തിനാണോ ഇതെന്ന് സർക്കാർ വ്യക്തമാക്കണം. കമീഷൻെറ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും പശു സംരക്ഷണത്തിനായി ഒരു ഏജൻസി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്- അദ്ദേഹം വ്യക്തമാക്കി.
കെ.എസ് സുദർശൻ, മോഹൻ ഭഗവത് എന്നിവരടക്കമുള്ള ആർ.എസ്.എസ് നേതാക്കൾ എപ്പോഴും പശുക്കളുടെ ക്ഷേമത്തിനായി അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. സർക്കാർ അവരുടെ ആവശ്യങ്ങൾ കേട്ടു. പശു സംരക്ഷണത്തിൽ കർഷകർക്ക് സർക്കാർ ബോധവൽക്കരണം നൽകണം. ഓരോ ഗ്രാമത്തിലെയും അഞ്ച് ശതമാനം പേർ പശുക്കളെ സംരക്ഷിക്കണം.
പശു മൂത്രത്തിൻെറയും ചാണകത്തിൻറെയും പ്രയോജനങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്താനായി 2018 ൽ ആർ.എസ്.എസ് ഗൗ സേവാ സെൽ വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. ഗോ ജാപ മഹായാഗവും അന്ന് അവതരിപ്പിച്ചിരുന്നതായും മഹാപത്ര വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.