ന്യൂഡൽഹി: പരീക്ഷാപ്പേടിയെ എങ്ങനെ തരണം ചെയ്യണമെന്ന് വിദ്യാർഥികളെ ഉപദേശിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മുൻ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹയുടെ പരിഹാസം. വിഡിയോ കോൺഫറൻസിങ്ങിലൂടെ മോദി'പരീക്ഷാ പേ ചർച്ച'പരിപാടി സംഘടിപ്പിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് യശ്വന്ത് സിൻഹ ട്വിറ്ററിൽ ഒളിയെമ്പയ്തത്.
'പരീക്ഷയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിദ്യാർഥികളെ ഉപദേശിക്കാൻ ഏറ്റവും മികച്ചയാളാണ് പ്രധാനമന്ത്രി മോദി. ഡൽഹി യൂനിവേഴ്സിറ്റിയിൽനിന്ന് 'എന്‍റയർ പിറ്റിക്കൽ സയൻസിൽ' എം.എ പരീക്ഷയിൽ ഡിസ്റ്റിങ്ഷോടെ പാസായിട്ടില്ലാത്തയാളല്ലേ അദ്ദേഹം? അതിനാൽ അദ്ദേഹത്തേക്കാൾ മികച്ചതായി ആരുണ്ട്?'-യശ്വന്ത് സിൻഹ ട്വീറ്റ് ചെയ്തു.
ബുധനാഴ്ച വൈകീട്ട് ഏഴു മണിക്കാണ് വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരെ പങ്കെടുപ്പിച്ച് മോദി 'പരീക്ഷാ പേ ചർച്ച'പരിപാടി സംഘടിപ്പിച്ചത്. 14 ലക്ഷം പേർ പങ്കെടുത്തുവെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്റിയാൽ അറിയിച്ചത്. പരീക്ഷ ഉയർത്തുന്ന സമ്മർദം എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ച് വിദ്യാർഥികൾ പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചു. 10.5 ലക്ഷം വിദ്യാർഥികളും 2.6 ലക്ഷം അധ്യാപകരും 92,000 രക്ഷിതാക്കളും പങ്കെടുത്തുവെന്ന് രമേഷ് പൊഖ്റിയാൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.