? മൂന്നു വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്തപ്പോൾതന്നെ പോരാട്ടം തുടരുമെന്ന് കർഷക നേതാക്കൾ വ്യക്തമാക്കിയിരിക്കുകയാണ്. എന്തുകൊണ്ടാണത്?
ഇപ്പോൾ നാം കേട്ടത് മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമാണ്. പ്രഖ്യാപനത്തെ ഞങ്ങൾ മാനിക്കുന്നു. സ്വാഗതം ചെയ്യുന്നു. ഇനി പാർലമെൻറ് നിയമപരമായി ആ പ്രഖ്യാപനം നിറവേറ്റണം. പാർലമെൻറ് ഇൗ നിയമങ്ങൾ പിൻവലിച്ചാൽ മാത്രം പോരാ. ഇതോടൊപ്പം ഞങ്ങളുന്നയിച്ച മറ്റാവശ്യങ്ങളിൽ എന്താണ് തീരുമാനമെന്നുകൂടി പ്രധാനമന്ത്രി പറയണം. വർധിപ്പിച്ച വൈദ്യുതി ബിൽ, ചുരുങ്ങിയ താങ്ങുവില, പരിസ്ഥിതി മലിനീകരണം തടയാനെന്ന പേരിലെ പഴയ ട്രാക്ടർ നിരോധനം, ജനുവരി 26ലെ സംഭവങ്ങളുടെ പേരിൽ കർഷക നേതാക്കൾക്കെതിരെയും കർഷകർക്കെതിരെയും എടുത്ത കേസുകൾ, ലഖിംപുരിൽ കർഷകരെ വാഹനം കയറ്റിക്കൊന്ന സംഭവം എന്നിവയിെലല്ലാം ഇനിയും തീരുമാനമെടുക്കാൻ ബാക്കിയാണ്. ഇക്കാര്യങ്ങൾകൂടി പരിഗണിക്കാതെ സംയുക്ത സമര സമിതിക്ക് സമരം അവസാനിപ്പിക്കാനാവില്ല. എല്ലാ കർഷക നേതാക്കളുമായും ചർച്ച ചെയ്ത് ഒന്നിച്ചൊരു തീരുമാനമെടുത്തു മുന്നോട്ടുപോകും.
പ്രധാനമന്ത്രിക്ക് എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നത്?
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനത്തേക്കാൾ വലുതല്ല എന്ന് ഇൗ സമരത്തിെൻറ തുടക്കം മുതൽക്കേ ഞങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. ഒരു നേതാവും ജനത്തേക്കാൾ വലുതല്ല. ഒരു സർക്കാറും ജനത്തിന് മുകളിലല്ല. ജനങ്ങളുെട കൂടെ ചരിച്ച് അവരുമായി ചർച്ച ചെയ്ത് മുന്നോട്ടുപോവുകയാണ് ഒരു സർക്കാർ ചെയ്യേണ്ടത്. ജനങ്ങൾക്കാണ് ശക്തി. അധികാരം നൽകിയ ജനത്തെ മാനിക്കാൻ സർക്കാർ തയാറാകണം. എല്ലാവരും കാർഷിക നിയമങ്ങൾ തെറ്റാണെന്നു പറഞ്ഞപ്പോൾതന്നെ മോദി ഈ തീരുമാനം എടുക്കേണ്ടതായിരുന്നു. ഇപ്പോഴാണ് അേദ്ദഹത്തിന് മനസ്സിലായത്. മോദിക്ക് മാത്രമല്ല, വരാനിരിക്കുന്ന സർക്കാറുകൾക്കുള്ള ഒരു പാഠംകൂടിയാണിത്. ജനങ്ങൾക്ക് ദോഷകരമായ വല്ല പദ്ധതിയുമായി വന്നാൽ അതിനെ ചെറുത്തുതോൽപിക്കാനുള്ള ശക്തി ജനത്തിനുണ്ടെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. അതോടൊപ്പം രാജ്യത്തെ കോർപറേറ്റുകൾക്കുകൂടിയുള്ള പാഠമാണിത്.
അമ്പരപ്പിച്ച പിന്മാറ്റത്തിന് ബി.ജെ.പിയെ പ്രേരിപ്പിച്ചത് എന്താവാം?
ബി.ജെ.പി നേതാക്കളെ ബഹിഷ്കരിക്കാനുള്ള തീരുമാനം അവർക്ക് രാഷ്ട്രീയമായി വലിയ പരിക്കാണ് ഏൽപിച്ചത്. ബി.ജെ.പി നേതാക്കൾക്ക് പഞ്ചാബിലെ ഏതെങ്കിലും ഗ്രാമത്തിൽ വരാനോ ഒരു പരിപാടി സംഘടിപ്പിക്കാേനാ കഴിയാത്ത സാഹചര്യമായി. അതേ സമരമുറ ഹരിയാനയിലും നടപ്പാക്കി. അതിനുശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് വലിയ നഷ്ടം സംഭവിക്കുകയും ചെയ്തു. ഉത്തർപ്രദേശ്, പഞ്ചാബ് അടക്കം നടക്കാനിരിക്കുന്ന അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളിലും കനത്ത തിരിച്ചടി നേരിടുമെന്ന് മനസ്സിലാക്കി. അതു കണ്ടാണ് ഇൗ നടപടി.
കർഷക സമരം യഥാർഥത്തിൽ ലക്ഷ്യമിടുന്നത് സർക്കാറിനെയല്ല, കോർപറേറ്റുകളെയാെണന്ന് താങ്കൾ പറഞ്ഞിരുന്നു. എന്തുകൊണ്ടാണത്?
ഇൗ സമരം എളുപ്പം തീരുന്നതല്ലെന്നും ഏറെ ദീർഘിച്ചതാണെന്നുമുള്ള ബോധ്യം ഞങ്ങൾക്കുണ്ടായിരുന്നു. കാരണം, ഇൗ തീരുമാനം മോദിയുടെതാണെന്ന് നിങ്ങൾ തെറ്റിദ്ധരിക്കരുത്. ഇൗ കരിനിയമങ്ങൾക്കു പിന്നിൽ കോർപറേറ്റുകളാണ്. കോർപറേറ്റുകൾ കാണിക്കുന്ന ദിശയിൽ പ്രവർത്തിക്കുക മാത്രമാണ് മോദി ചെയ്യുന്നത്. അതിനാൽതന്നെ കോർപറേറ്റുകളെ ലക്ഷ്യംവെച്ച് സമരത്തിെൻറ ദിശ ഞങ്ങളും നിർണയിച്ചു. കോർപറേറ്റുകളെ നേർക്കുനേർ ലക്ഷ്യംവെച്ച ഒരു സമരം രാജ്യത്ത് ഇതിനു മുമ്പുണ്ടായിട്ടില്ല. കോർപറേറ്റുകൾക്കെതിരെ ഇത്രയും നീണ്ടുനിന്നതും വിജയത്തിലെത്തിയതുമായ ഒരു സമരം ലോകത്തുമുണ്ടായിട്ടില്ല. ആ അർഥത്തിൽ ഇതു രണ്ടാം സ്വാതന്ത്ര്യസമരമാണെന്നു പറയുന്നതിൽ തെറ്റില്ല.
എങ്ങനെയായിരുന്നു പഞ്ചാബിൽനിന്നുള്ള സമര തുടക്കം?
കേന്ദ്ര സർക്കാർ വിവാദ കാർഷിക നിയമങ്ങൾ പാസാക്കുന്നതിനു മുേമ്പ ഞങ്ങൾക്ക് സ്വാധീനമുള്ള സംഗ്രൂർ, ഭട്ടിൻഡ, ബർണാല മാൻസ തുടങ്ങി പഞ്ചാബിലെ 15 ജില്ലകളിൽ ഞങ്ങൾ സമരം തുടങ്ങിയിരുന്നു. 2020 ആഗസ്റ്റ് 25ന് ആറേഴ് ഗ്രാമങ്ങളിൽ ബി.ജെ.പിയുടെയും അകാലിദളിെൻറയും നേതാക്കളെ ഇൗ ഗ്രാമങ്ങളിൽ അഞ്ചു ദിവസേത്തക്ക് പ്രവേശിപ്പിക്കില്ലെന്ന് തീരുമാനിച്ചു. അവിടെ വരുന്ന മറ്റു പാർട്ടികളെ കൊണ്ട് വിവാദ നിയമങ്ങൾക്കെതിരെ നിലപാട് എടുപ്പിക്കുകയും ചെയ്തു. അതിനുശേഷം ബി.ജെ.പി സഖ്യകക്ഷിയായിരുന്ന അകാലിദളിെൻറ മേധാവി ബാദലിെൻറ വീട്ടിലേക്കുള്ള റോഡുകളിലും അന്നത്തെ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിെൻറ പട്യാലയിലെ വസതിക്കരികിലും ഉപരോധം സംഘടിപ്പിച്ചു. ശേഷം പഞ്ചാബിലെ എല്ലാ കർഷക സംഘടനകളും 2020 ഒക്ടോബർ ഒന്നിന് സംയുക്ത യോഗം ചേർന്ന് ഷോപ്പിങ് മാളുകൾ, ടോൾ പ്ലാസകൾ, വൈദ്യുതി നിലയങ്ങൾ, പെട്രോൾ പമ്പുകൾ, മൊബൈൽ ടവറുകൾ തുടങ്ങി കോർപറേറ്റുകളുടെ മുഴുവൻ സ്ഥാപനങ്ങളും ഉപരോധിക്കാൻ തീരുമാനിച്ചു. ബി.ജെ.പി നേതാക്കളുടെ വീടുകൾ ഉപരോധിക്കാനും അവരെ ഗ്രാമങ്ങളിൽ പ്രവേശിപ്പിക്കാതിരിക്കാനും തീരുമാനിച്ചു. ഏറ്റവുമൊടുവിൽ നവംബർ 24ന് ഡൽഹിയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലുമായിരുന്നു.
സമരത്തെ പിന്തുണച്ച ലക്ഷക്കണക്കിന് കർഷകരോടും ജനങ്ങളോടും എന്താണ് പറയാനുള്ളത്?
ഇൗയൊരു സമരത്തിൽ കർഷകർ എന്തുമാത്രം സഹിച്ചുവെന്നത് നിങ്ങൾക്കു മുന്നിലുണ്ട്. എഴുന്നൂറോളം പേരുടെ രക്തസാക്ഷ്യവും ലക്ഷങ്ങളുടെ സഹനവും വെറുതെയാവില്ല എന്ന ബോധ്യം മുന്നോട്ടുള്ള പോരാട്ടങ്ങൾക്ക് അവർക്ക് ആത്മവിശ്വാസം പകരും. എന്തുമാത്രം പിന്തുണ നൽകിയോ അതിനു മാത്രം പോസിറ്റിവായ ഫലം ലഭിക്കുന്നുണ്ടെന്ന് അവർ മനസ്സിലാക്കണം. സർക്കാറിെൻറ തെറ്റായ തീരുമാനങ്ങൾക്കെതിരെ നാം ഒറ്റക്കെട്ടായി സമരം ചെയ്യണമെന്ന സന്ദേശമാണ് കർഷകർ രാജ്യത്തിന് നൽകിയിരിക്കുന്നത്. നമ്മുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം അതു മാത്രമാണ്. രാജ്യത്തിെൻറയും ലോകത്തിെൻറയും വിവിധ ഭാഗങ്ങളിൽനിന്ന് സമരകേന്ദ്രങ്ങളിൽ വന്ന് പിന്തുണ നൽകിയ ലക്ഷങ്ങൾക്കും അഭിവാദ്യങ്ങൾ അർപ്പിക്കുകയാണ്. ഇൗ പിന്മാറ്റത്തിെൻറ ക്രെഡിറ്റ് അവർക്കുകൂടി അവകാശപ്പെട്ടതാണ്. ഇനിയും ഞങ്ങൾക്കുള്ള പിന്തുണ തുടരണം. ഇതു മാത്രമാണ് അവരോടുള്ള അപേക്ഷ. പോരാട്ടം ഇനിയുമേറെ ദൂരം പോകാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.