ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ പദവിയിൽ നിന്ന് നീക്കണമെന്നും അല്ലെങ്കിൽ മോദിക്ക് പുറത്തുപോകേണ്ടിവരുമെന്നും ബി.ജെ.പി നേതാവും മുൻ എം.പിയുമായ സുബ്രമണ്യൻ സ്വാമി. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
'അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് മോദി നീക്കണം. പെഗാസസ് ഫോൺ ചോർത്തലിന്‍റെ കാര്യത്തിലും, വാഷിങ്ടൺ ഡി.സിയിൽ നിന്ന് പുറത്തുവരാനിരിക്കുന്ന അതിനേക്കാൾ ഭീകരമായ മറ്റൊരു കാര്യത്തിലും ഉൾപ്പെടെ നിരവധി സമയങ്ങളിൽ അദ്ദേഹം വിഡ്ഢിത്തം ചെയ്തിട്ടുണ്ട്. ഡോവലിനെ നീക്കിയില്ലെങ്കിൽ 2023 മധ്യത്തോടെ മോദിക്ക് രാജിവെക്കേണ്ടിവരും' -സുബ്രമണ്യൻ സ്വാമി ട്വീറ്റ് ചെയ്തു.
ബി.ജെ.പിയിലെ മോദി വിരുദ്ധ ചേരിയിലെ പ്രമുഖനായ സുബ്രമണ്യൻ സ്വാമി നേരത്തെയും നിരവധി തവണ മോദിക്കും കേന്ദ്ര സർക്കാറിനുമെതിരെ പ്രതികരിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പ് നേരിടുന്ന തകർച്ചക്ക് കാരണം വിഴിഞ്ഞം തുറമുഖ നിർമാണത്തിന് രാമസേതു മുറിക്കുന്നതിലുള്ള ശ്രീരാമ കോപമാണെന്ന് അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. രാമ സേതു പൈതൃക സ്മാരകമാക്കാൻ മോദി വിസമ്മതിക്കുന്നത് അദാനിയുടെ വിഴിഞ്ഞം പദ്ധതി കാരണമാണ്. ശ്രീരാമ ഭഗവാൻ ഇപ്പോൾ തന്‍റെ അഗ്നി ബാണം പുറത്തെടുത്തിരിക്കുന്നു. ഇനി ആരൊക്കെ തകരുമെന്ന് ഊഹിക്കുക? -മോദിയെ ലക്ഷ്യമിട്ട് സ്വാമി ട്വീറ്റ് ചെയ്തിരുന്നു. അദാനിയുടെ മുഴുവൻ ആസ്തിയും സർക്കാർ കണ്ടുകെട്ടി ലേലം ചെയ്യണമെന്നും പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.