ന്യൂഡൽഹി: തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രണ്ടുദിവസത്തെ ബംഗാൾ സന്ദർശനത്തെ വിമർശിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കോവിഡ് 19നെ തുടർന്ന് പാർലമെന്‍റ് സെക്ഷനുകൾ ഒഴിവാക്കി, പകരം കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബംഗാളിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി പരിപാടികൾ സംഘടിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എല്ലാ രാഷ്ട്രീയ അധാർമികതയും കീറിയെറിഞ്ഞ് എല്ലാ പാർട്ടികളിൽനിന്നും ബി.ജെ.പി നേതാക്കളെ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് 19നെ തുടർന്ന് പാർലമെന്‍റ് സമ്മേളനം ഒഴിവാക്കിയ അമിത്ഷാ മാസ്കും സാമൂഹിക അകലവുമില്ലാതെ റാലികൾ സംഘടിപ്പിക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്നു. മോദിയുടെയും അമിത് ഷായുടെയും ബി.ജെ.പി ജനാധിപത്യത്തെ കീറിയെറിയുകയാണ് -പ്രശാന്ത് ഭൂഷൻ ട്വീറ്റ് ചെയ്തു.
അമിത് ഷായുടെ ബംഗാൾ സന്ദർശനത്തിന്‍റെ പത്രവാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്‍റെ ട്വീറ്റ്. അതിൽ മാസ്കില്ലാതെ റാലിയിൽ അമിത് ഷായും മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് സുവേന്ദു അധികാരിയും നിൽക്കുന്ന ചിത്രവും കാണാം.
ബംഗാൾ പിടിക്കാനുള്ള നീക്കത്തിന്‍റെ ഫലമായാണ് അമിത് ഷായുടെ രണ്ടുദിവസത്തെ ബംഗാൾ സന്ദർശനം. തൃണമൂൽ കോൺഗ്രസിലെ നിരവധി നേതാക്കൾ അമിത് ഷായുടെ റാലിയിൽ ബി.ജെ.പിയിൽ ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.