കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ 45 മണിക്കൂർ നേരത്തെ ധ്യാനം തുടങ്ങി. തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്ററിൽ കന്യാകുമാരിയിൽ എത്തിയ മോദി ഭഗവതി അമ്മൻ ക്ഷേത്രത്തിൽ പ്രാർഥിച്ച ശേഷമാണ് ബോട്ടിൽ വിവേകാനന്ദപ്പാറയിൽ എത്തിയത്. ധോത്തിയും വെള്ള ഷാളും ധരിച്ച് ഭഗവതി അമ്മൻ ക്ഷേത്രത്തിൽ എത്തിയ മോദിയെ പൂജാരിമാർ പ്രത്യേക ആരതി ഉഴിഞ്ഞ് സ്വീകരിച്ചു.
ക്ഷേത്രത്തിലെ മൂർത്തിയുടെ ചിത്രവും ഷാളും അടങ്ങിയ പ്രസാദം മോദിക്ക് നൽകി. തുടർന്ന്, സംസ്ഥാന സർക്കാരിന് കീഴിലെ ഷിപ്പിങ് കോർപറേഷൻ ഉടമസ്ഥതയിലുള്ള ബോട്ടിൽ വിവേകാനന്ദപ്പാറയിൽ എത്തിയ മോദി ധ്യാനമണ്ഡപത്തിൽ ധ്യാനം ആരംഭിച്ചു. ശനിയാഴ് വൈകിട്ട് മൂന്ന് വരെ അദ്ദേഹം ധ്യാനം തുടരും. വിവേകാനന്ദപ്പാറക്ക് സമീപമുള്ള തിരുവള്ളുവർ പ്രതിമയും അദ്ദേഹം സന്ദർശിക്കുമെന്നറിയുന്നു.
അവസാനഘട്ട വോട്ടെടുപ്പിന് മുമ്പ് മോദി നടത്തുന്ന ധ്യാനത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. തന്തൈ പെരിയാർ ദ്രാവിഡർ കഴകം ഉൾപ്പെടെയുള്ള സംഘടനകൾ മധുരയിൽ കരിങ്കൊടി പ്രകടനം നടത്തി. സാമൂഹിക മാധ്യമമായ എക്സിൽ ‘ഗോബാക്ക്മോദി’ പോസ്റ്റുകൾ നിറഞ്ഞു. മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് കന്യാകുമാരിയിൽ ഒരുക്കിയിട്ടുള്ളത്.
ചെന്നൈ: മോദിയുടെ ധ്യാനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പരിധിയിൽ ഉൾപ്പെടില്ലെന്ന് കന്യാകുമാരി ജില്ല കലക്ടറും ജില്ല റിട്ടേണിങ് ഓഫിസറുമായ ശ്രീധർ. പ്രചാരണം നടത്തുകയോ യോഗം വിളിച്ചുകൂട്ടുകയോ ചെയ്താൽ മാത്രമേ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പ്രകാരം നടപടി സ്വീകരിക്കാൻ കഴിയുകയുള്ളു. പ്രധാനമന്ത്രിയുടെ കന്യാകുമാരി സന്ദർശനവും ധ്യാനവും സ്വകാര്യ പരിപാടിയായതിനാൽ പ്രത്യേകിച്ച് അനുമതി തേടേണ്ടതില്ലെന്നും കലക്ടർ വ്യക്തമാക്കി.
ന്യൂഡൽഹി: മാർച്ച് 16ന് തെരഞ്ഞെടുപ്പ് കമീഷൻ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ പ്രഖ്യാപിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത് 206 പൊതുപരിപാടികളിൽ. ഇതിൽ തെരഞ്ഞെടുപ്പ് റാലികളും റോഡ് ഷോകളും ഉൾപ്പെടും. 2019ലെ തെരഞ്ഞെടുപ്പ് കാലത്ത് മോദി 145 പരിപാടികളിലായിരുന്നു പങ്കെടുത്തത്. ഇക്കുറി 76 ദിവസം കിട്ടിയപ്പോൾ 2019ൽ ലഭിച്ചത് 68 ദിവസമായിരുന്നു. അഥവാ, ഒരാഴ്ച അധികം ലഭിച്ചപ്പോൾ 50ലധികം തെരഞ്ഞെടുപ്പ് പരിപാടികളിൽ മോദി കൂടുതലായി പങ്കെടുത്തു. 76 ദിവസത്തിനിടെ അദ്ദേഹം 80 മാധ്യമ അഭിമുഖങ്ങൾ നൽകിയതായും പാർട്ടിവൃത്തങ്ങൾ അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.