ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തെലങ്കാനയിൽ കെ.സി.ആർ അധികാരത്തിൽ തുടരണമെന്നാണ് ആഗ്രഹമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസിന്‍റെ ആദ്യ ലക്ഷ്യം തെലങ്കാനയിൽ കെ.സി.ആറിനെയും കേന്ദ്രത്തിൽ മോദിയേയും പരാജയപ്പെടുത്തുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. സംഗറെഡ്ഡി ജില്ലയിലെ ആന്ദോളിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
ബി.ആർ.എസും ബി.ജെ.പിയും ഒന്നിച്ചാണെന്നും കോൺഗ്രസ് ഇവർക്കെതിരെ പോരാടുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജി.എസ്.ടി, നോട്ട് നിരോധനം, കാർഷിക ബില്ലുകൾ എന്നിവയിലെല്ലാം മോദി സർക്കാരിന് ബി.ആർ.എസ് പിന്തുണ നൽകിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
"ഞാൻ എല്ലാ ദിവസവും ബി.ജെ.പിക്കെതിരെ പോരാടുകയാണ്. 24 കേസുകളാണ് എനിക്കെതിരെ ഉള്ളത്. എന്നാൽ ഇ.ഡിയുടെയോ സി.ബി.ഐയുടെയോ ആദായനികുതി വകുപ്പിന്‍റെയോ ഒരൊറ്റ കേസുപോലും കെ.സി.ആറിന് എതിരെയില്ല"- രാഹുൽ ഗാന്ധി പറഞ്ഞു.
ഹൈദരാബാദിൽ തൊഴിൽ രഹിതരായ യുവാക്കളുമായി കൂടികാഴ്ച നടത്തിയെന്നും ടി.എസ്.പി.എസ്.സി പരീക്ഷകളിലെ പേപ്പർ ചോർചയിലൂടെ കെ.സി.ആർ സർക്കാർ അവരുടെ ഭാവി നശിപ്പിച്ചെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പരീക്ഷക്ക് തയാറെടുക്കാൻ പണം മുടക്കി കഠിനാധ്വാനം ചെയ്തെന്നും എന്നാൽ പേപ്പർ ചോർച്ച അവരുടെ സ്വപ്നങ്ങളെല്ലാം തകർത്തെന്നും യുവാക്കൾ പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ജനകീയ ഭരണം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.