ന്യൂഡൽഹി: മൂന്നാംതവണ നരേന്ദ്ര മോദി പ്രധാനമന്ത്രിയായാലും 75 വയസാകുമ്പോൾ വിരമിക്കുമെന്ന ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി അമിത് ഷാ. 75 വയസാകുമ്പോൾ മോദി പ്രധാനമന്ത്രി പദവി ഒഴിയില്ലെന്നും മൂന്നാം തവണയും കാലാവധി പൂർത്തിയാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
മോദിക്ക് 75 വയസ് തികയുന്നതിൽ സന്തോഷിക്കേണ്ട കാര്യമില്ലെന്ന് അരവിന്ദ് കേജ്‌രിവാളിനോടും ഇൻഡ്യ സഖ്യത്തോടും പറയുന്നു. മോദിക്ക് പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്ന് ബി.ജെ.പിയുടെ ഭരണഘടനയിൽ എഴുതിയിട്ടില്ല. അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയാവുകയും കാലാവധി പൂർത്തിയാക്കുകയും ചെയ്യുക –അമിത് ഷാ ചൂണ്ടിക്കാട്ടി.
മൂന്നാം തവണയും മോദി കാലാവധി പൂർത്തിയാക്കുമെന്നും 75 വയസാകുമ്പോൾ വിരമിക്കുമെന്നാണ് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കെജ്രിവാൾ ചൂണ്ടിക്കാട്ടിയത്. ജനങ്ങൾ ഇൻഡ്യ സഖ്യത്തോട് ചോദിക്കുന്നത് ആരാണ് ഞങ്ങളുടെ പ്രധാനമന്ത്രിയെന്ന്. ഞാൻ ബി.ജെ.പിയോട് ചോദിക്കുന്നു ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി? ഈ സെപ്തംബർ 17ന് പ്രധാനമന്ത്രി മോദിക്ക് 75 വയസ് തികയുകയാണ്. 75 വയസായാൽ പാർട്ടിയിലെ നേതാക്കൾ വിരമിക്കണമെന്നാണ് മോദിയുടെ ചട്ടം.
എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, സുമിത്ര മഹാജൻ, യശ്വന്ത് സിൻഹ എന്നിവർക്ക് നിർബന്ധിത വിരമിക്കലായിരുന്നു. പ്രധാനമന്ത്രി മോദി സെപ്റ്റംബർ 17ന് വിരമിക്കാൻ പോകുന്നു. എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ശിവരാജ് സിങ് ചൗഹാൻ, വസുന്ധര രാജെ, എം.എൽ. ഖട്ടർ, രമൺ സിങ് എന്നിവരുടെ രാഷ്ട്രീയം അവസാനിച്ചു.
അടുത്തത് യോഗി ആദിത്യനാഥാണ്. ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ രണ്ട് മാസത്തിനകം ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ മാറ്റും. അമിത് ഷാക്ക് വേണ്ടിയാണ് മോദി വോട്ട് ചോദിക്കുന്നത്. മോദിയുടെ ഗ്യാരന്റി അമിത് ഷാ നടപ്പാക്കുമോ എന്നും കെജ്രിവാൾ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.