ന്യൂഡൽഹി: പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പൂട്ടിയതിനെതിരെ കേന്ദ്രസർക്കാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ വിമർശനവുമായി കോൺഗ്രസ്. പാർട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പ്രതികരണം.
'മോദിജി, നിങ്ങൾക്ക് എന്തൊരു പേടിയാണ്. സത്യം, അഹിംസ, ജനങ്ങളുടെ ഇച്ഛാശക്തി എന്നിവ ഉൾക്കൊണ്ട് രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി കോൺഗ്രസ് പോരാടി. അപ്പോൾ ഞങ്ങൾ വിജയിച്ചു, വീണ്ടും വിജയിക്കും' -എന്നായിരുന്നു ഇൻസ്റ്റഗ്രാമിലെ കുറിപ്പ്.
കോൺഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിന് പുറമെ മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും ഉൾപ്പെടെ 5000 േത്താളം അക്കൗണ്ടുകൾ ട്വിറ്റർ ബ്ലോക്ക് ചെയ്തതായി കോൺഗ്രസ് സാമൂഹിക മാധ്യമ വിഭാഗം തലവൻ രോഹൻ ഗുപ്ത പറഞ്ഞു.
കേന്ദ്രസർക്കാറിൽനിന്നുള്ള സമ്മർദ്ദത്തിന്‍റെ ഭാഗമാണ് ട്വിറ്ററിന്‍റെ നടപടിയെന്നും അദ്ദേഹം കുറിച്ചു. 'കേന്ദ്രസർക്കാറിന്‍റെ സമ്മർദ്ദത്തിന്‍റെ ഭാഗമായാണ് ട്വിറ്ററിന്‍റെ പ്രവർത്തനം. പട്ടിക ജാതിയുടെ ദേശീയ കമീഷന്‍റെ ട്വിറ്റർ അക്കൗണ്ടുകൾ ഇതേ ചിത്രം പങ്കുവെച്ചെങ്കിലും അവ നീക്കം ചെയ്തിട്ടില്ല' -ഗുപ്ത പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് താൽകാലികമായി മരവിപ്പിച്ചതിന് പിന്നാലെയാണ് പാർട്ടിയുമായി ബന്ധപ്പെട്ട മറ്റ് അക്കൗണ്ടുകളും പൂട്ടിയത്. ദേശീയ ശിശു സംരക്ഷണ സമിതിയുടെ പരാതിയെ തുടർന്നായിരുന്നു നടപടി. ഡൽഹിയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ബാലികയുടെ കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിനാണ് രാഹുലിന്‍റെ ട്വിറ്റർ അക്കൗണ്ട് പൂട്ടിയത്. പെൺകുട്ടിയുടെ സ്വകാര്യതയെ മാനിച്ചില്ലെന്ന കാരണത്താലാണ് അക്കൗണ്ട് പൂട്ടിയത്.
രാഹുൽ ഗാന്ധിയുടെ അക്കൗണ്ടിന് പുറമെ മാധ്യമവിഭാഗം തലവൻ രൺദീപ് സുർജേവാല, എ.ഐ.സി.സി ജനറൽ െസക്രട്ടറിയും മുൻ മന്ത്രിയുമായ അജയ് മാക്കൻ, ലോക്സഭ വിപ്പ് മാണിക്കം ടാഗോർ, അസം നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജിതേന്ദ്ര സിങ്, മഹിള കോൺഗ്രസ് പ്രസിഡന്‍റ് സുഷ്മിത ദേവ് എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകൾ പൂട്ടിയതായും കോൺഗ്രസ് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.