'മോദിയുടെ സാമ്പത്തിക നയങ്ങൾ പൂർണ പരാജയം'; പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

ന്യുഡൽഹി: രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ സാമ്പത്തിക വിഷയങ്ങളിൽ രൂക്ഷ വിമർശനങ്ങൾ ഉയർത്തി മുതിർന്ന നേതാവും മുന്‍ രാജ്യസഭ എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. മോദി സർക്കാറിന്‍റെ സാമ്പത്തിക നയങ്ങളെല്ലാം പൂർണ പരാജയമാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി തുറന്നടിച്ചു.

'മോഡിനോമിക്സ്' പരാജയമാണെന്ന് തെളിയിക്കാന്‍ ഏത് സർക്കാർ ഉദ്യോഗസ്ഥരുമായും പരസ്യ സംവാദത്തിന് തയാറാണെന്ന് സ്വാമി വെല്ലുവിളിച്ചു. 2021-22ലെ വാർഷിക വളർച്ചാനിരക്ക് കാര്യമായി ഇടിഞ്ഞിട്ടുണ്ട്. 2020-21 സാമ്പത്തിക വർഷത്തിൽ മൊത്തം ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) പ്രതിവർഷം -4.8 ശതമാനമാണ്. മോദി പ്രധാനമന്ത്രിയായിരുന്ന 2014 മുതൽ സാമ്പത്തിക ലക്ഷ്യങ്ങളൊന്നും കൈവരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

2014 മുതലുള്ള മോദി സർക്കാറിന്‍റെ വികസന പദ്ധതികൾ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ 'ഹിന്ദു വികസന പദ്ധതി'ക്ക് സമാനമാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ചൂണ്ടിക്കാട്ടുന്നു. പി.വി. നരസിംഹറാവുവിന്റെ ഭരണകാലത്തുണ്ടായിരുന്ന ഘടനാപരമായ പരിഷ്‌കാരങ്ങളൊന്നും വ്യവസ്ഥാപിതമായി നടപ്പാക്കാനായിട്ടില്ല. 2016 മുതൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളർച്ചാ നിരക്കിൽ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നതെന്നും ഇത് രാജ്യത്തിനും കേന്ദ്രസർക്കാറിനും ഒരു പോലെ നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

2019ൽ ജി.ഡി.പിയിൽ പ്രതിവർഷം 14.8 ശതമാനം വളർച്ചാ നിരക്ക് നേടാനുള്ള സാമ്പത്തിക പരിഷ്കാരങ്ങൾ നടത്തുമെന്ന് മോദി മാധ്യമങ്ങളിലൂടെ വ്യാജ പ്രഖ്യാപനങ്ങളും പ്രവചനങ്ങളും നടത്തിയിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ 2024-25ഓടെ 5 ട്രില്യൺ ഡോളർ ജി.ഡി.പി വളർച്ചാനിരക്ക് നേടുക അസാധ്യമാണെന്നും സ്വാമി ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ പുരോഗതിയിലാണെന്ന മിഥ്യാധാരണ സൃഷ്ടിക്കാന്‍ ശ്രമിച്ച അടൽ ബിഹാരി വാജ്‌പേയി സർക്കാർ 2004ൽ ദയനീയമായി പരാജയപ്പെട്ട അനുഭവത്തെക്കുറിച്ചും സുബ്രഹ്മണ്യന്‍ സ്വാമി വിശദീകരിക്കുന്നു. 2004ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം 10 വർഷത്തേക്ക് ബി.ജെ.പിക്ക് തെരഞ്ഞെടുപ്പിൽ തിരിച്ചുവരാൻ കഴിഞ്ഞില്ല. ടുജി സ്‌പെക്‌ട്രം ലൈസൻസ് റദ്ദാക്കാനുള്ള സുപ്രീംകോടതി വിധിയും രാമക്ഷേത്ര പുനർനിർമാണവുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണ് 2014ൽ ബി.ജെ.പിയുടെ തിരിച്ചുവരവിന് കാരണമായത്.

എന്നാൽ, എട്ട് വർഷത്തെ മോദി സർക്കാറിന്‍റെ ഭരണത്തിൽ ഭാരതമാതാവ് തന്നെ ലജ്ജിച്ച് തലതാഴ്ത്തി പോകും. അതിനാൽ വ്യക്തമായ ലക്ഷ്യങ്ങളുള്ള ഒരു പുതിയ സാമ്പത്തിക നയമാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥക്ക് ആവശ്യമെന്നും സുബ്രഹ്മണ്യൻ സ്വാമി ദ് ഹിന്ദു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. 

Tags:    
News Summary - 'Modi's economic policies are a complete failure'; Subramanian Swamy challenges public debate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.