ന്യൂഡൽഹി: മോദിയുടെ ഗ്യാരന്റി വേണോ കെജ്രിവാളിന്റെ ഗ്യാരന്റി വേണോ എന്ന് ജനങ്ങൾക്ക് തീരുമാനിക്കാമെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ബി.ജെ.പി അവരുടെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നതു നാം കണ്ടുവെന്നും കെജ്രിവാൾ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണി വിജയിച്ചാൽ പത്ത് ഗ്യാരന്റികൾ നടപ്പാക്കുമെന്ന് കെജ്രിവാൾ പ്രഖ്യാപിച്ചു. ചൈനയുടെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ ഭൂമിയുടെ മോചനം, അഗ്നിവീർ പദ്ധതി നിർത്തലാക്കുക, കർഷകർക്ക് സ്വാമിനാഥൻ കമീഷന്‍റെ ശിപാർശ പ്രകാരമുള്ള താങ്ങുവില നൽകുക, ഡൽഹിക്ക് സമ്പൂർണ സംസ്ഥാനപദവി എന്നിവയുൾപ്പെടുന്നതാണ് കെജ്രിവാളിന്റെ പത്ത് ഗ്യാരന്റികൾ.
സൗജന്യ വൈദ്യുതി, ആരോഗ്യരംഗത്ത് മെച്ചപ്പെട്ട സേവനം ഉൾപ്പെടെയുള്ള ജനക്ഷേമ പദ്ധതികൾ നടപ്പാക്കുമെന്നാണ് കെജ്രിവാളിന്റെ പ്രഖ്യാപനം. മോദി സർക്കാർ ഗ്യാരന്റികൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു. അധികാരത്തിലെത്തിയാൽ ജനങ്ങളുടെ അക്കൗണ്ടിൽ 15 ലക്ഷം രൂപ എത്തിക്കുമെന്ന് പറഞ്ഞിട്ട് നടപ്പാക്കിയില്ല. മോദി വിരമിച്ചാൽ ഗ്യാരന്റികൾ ആരു നടപ്പാക്കുമെന്നു ചോദിച്ച കെജ്രിവാൾ, ആരെ വിശ്വസിക്കണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാമെന്നും പറഞ്ഞു.
രാജ്യത്ത് 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്നതാണ് പത്ത് ഗ്യാരന്റികളിൽ ആദ്യത്തേത്. മൂന്നു ലക്ഷം മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ശേഷി നമുക്കുണ്ട്. രണ്ട് ലക്ഷം മെഗാവാട്ടാണ് ഉപഭോഗം. ആവശ്യമുള്ളതിലുമേറെ വൈദ്യുതി ഉൽപാദിപ്പിക്കാനാവും. ഡൽഹിയിലും പഞ്ചാബിലും നമ്മളത് നടപ്പാക്കിയിട്ടുണ്ട്. രാജ്യത്തു മുഴുവൻ നടപ്പാക്കാൻ കഴിയുന്ന കാര്യമാണത്. പാവങ്ങൾക്ക് 200 യൂണിറ്റു വരെ സൗജന്യ വൈദ്യുതി നൽകും. 1.25 ലക്ഷം കോടി രൂപ അതിനു ചെലവു വരും. പക്ഷേ അതു നമുക്ക് സംഘടിപ്പിക്കാനാവും. ഡൽഹി മോഡൽ വൈദ്യുതി വിതരണം രാജ്യത്താകെ നടപ്പാക്കാം.
സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസ ഗുണനിലവാരം വർധിപ്പിക്കുകയെന്നതാണ് രണ്ടാമത്തെ ഗ്യാരന്റി. അഞ്ചു ലക്ഷം കോടിയുടെ പദ്ധതി കേന്ദ്ര-സംസ്ഥാന സഹകരണത്തോടെ നടപ്പാക്കണം. ഡൽഹിയിലും പഞ്ചാബിലും ഇതു സാധ്യമാണെന്ന് തങ്ങൾ തെളിയിച്ചതാണെന്നും കെജ്രിവാൾ പറഞ്ഞു. രാജ്യത്തെ സർക്കാർ ആശുപത്രികളുടെ നിലവിലെ സ്ഥിതി ശോചനീയമാണെന്നും ഇതിന്റെ ഉന്നമനത്തിനായി അഞ്ച് ലക്ഷം കോടിയുടെ പദ്ധതി നടപ്പാക്കാനാകുമെന്നും കെജ്രിവാൾ പറഞ്ഞു. എല്ലാവർക്കും മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കും. എല്ലാ ഗ്രാമത്തിലും മൊഹല്ല ക്ലിനിക്കുകൾ ആരംഭിക്കും. ജില്ലാ ആശുപത്രികൾ മൾട്ടി സ്പെഷാലിറ്റി ആശുപത്രികളാക്കും. ഇൻഷുറൻസിന്റെ പേരിൽ ഇപ്പോൾ വലിയ തട്ടിപ്പാണ് നടക്കുന്നതെന്നും കെജ്രിവാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.