ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി ആദിത്യനാഥും ചേർന്ന് നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനുമുമ്പ് വാരാണസിയിൽ സംഘടിപ്പിച്ച കാവി ഷോ വിവാദത്തിൽ. ചെലവ് മുഴുവൻ ഖജനാവിൽനിന്ന്. ദൂരദർശനിലെ മുഴുസമയ ലൈവിന് സ്വയംഭരണ സ്ഥാപനമായ പ്രസാർഭാരതിയുടെ സന്നാഹങ്ങൾ. മതനിരപേക്ഷത പാലിക്കാൻ ഭരണഘടനാപരമായി ബാധ്യതയുള്ള പ്രധാനമന്ത്രി രാഷ്ട്രീയലാക്കോടെ മതനേതാവിെൻറ വേഷം കെട്ടുകയായിരുന്നെന്ന് കടുത്ത വിമർശനം.
കാശി ക്ഷേത്രപരിസരത്തെ പ്രധാനമന്ത്രിയുടെ പരിപാടികൾ എല്ലായിടത്തും ലൈവായി എത്തിക്കാൻ ദൂരദർശെൻറ 100ൽപരം ജീവനക്കാരും 55 അത്യാധുനിക കാമറകളും കൂറ്റൻ ഡ്രോണുമാണ് അണിനിരത്തിയത്. അപ്ലിങ്ക് ചെയ്യാൻ ഏഴ് വാനുകൾ, നാല് സെല്ലുലാർ മൊബൈൽ യൂനിറ്റ്, റേഡിയോ ഫ്രീക്വൻസി കാമറ എന്നിവയൊക്കെ ഇതിലേക്ക് പ്രസാർ ഭാരതി വിട്ടുകൊടുത്തു. 3000ത്തിൽപരം സന്യാസിമാർ, വാരാണസി നിറയെ ദീപാലങ്കാരങ്ങൾ തുടങ്ങി യു.പി സർക്കാർ ഒരുക്കിയ സന്നാഹങ്ങൾ, എല്ലാ വടക്കേന്ത്യൻ പത്രങ്ങളിലും നൽകിയ രണ്ടു മുഴുപ്പേജ് പരസ്യങ്ങൾ തുടങ്ങിയവ പുറമെ. കാശി ക്ഷേത്രത്തിൽനിന്ന് ഗംഗയിലെ ലളിത സ്നാന ഘട്ടത്തിലേക്കുള്ള 20 അടി ഇടനാഴി ഉദ്ഘാടനമായിരുന്നു പ്രധാന ചടങ്ങ്. എന്നാൽ, ഇതിനൊപ്പം ക്ഷേത്രദർശനം, ഗംഗ ആരതി, നദീയാത്ര എന്നിവയൊക്കെയായി, ഇതിനുമുമ്പ് കേദാർനാഥിലും അയോധ്യ ക്ഷേത്ര ശിലാസ്ഥാപന ചടങ്ങിലും നടത്തിയതിനേക്കാൾ വലിയ കാവി ഷോയാണ് മോദി കാഴ്ചവെച്ചത്. ഔറംഗസേബിനെയും ഛത്രപതി ശിവജിയേയും പരാമർശിക്കുന്ന വർഗീയച്ചുവയുള്ള പ്രസംഗമാണ് നടത്തിയത്. യോഗി ആദിത്യനാഥിെൻറ നേതൃത്വത്തിൽ യു.പിയിലെ മന്ത്രിസഭ പൂർണമായും വാരാണസിയിലായിരുന്നു. സ്കൂളുകൾക്ക് അവധി നൽകി. മതപരമായ ചടങ്ങിന് അധ്യാപകർക്കും വിദ്യാർഥികൾക്കും വരവേൽപ് ഡ്യൂട്ടി നൽകി. പ്രധാനമന്ത്രിയുടെ പരിപാടിയുള്ള മേഖലയിലെ വ്യാപാരസ്ഥാപനങ്ങൾ അടപ്പിച്ചു.
ടൂറിസ, സാംസ്കാരിക നവോത്ഥാനത്തിനെന്ന പേരിൽ ക്ഷേത്രപരിസരത്തെ നിർമാണങ്ങളുടെ ചെലവ് മുഴുവൻ വഹിക്കുന്നത് ബന്ധപ്പെട്ട കേന്ദ്രമന്ത്രാലയങ്ങളാണ്.
800 കോടി രൂപയുടെ ഈ പദ്ധതി പാതിവഴിയിലാണെങ്കിലും നിർമാണങ്ങൾ പൂർത്തിയാകുന്നതിനും തെരഞ്ഞെടുപ്പ് കമീഷൻ യു.പി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനും മുേമ്പ ഉദ്ഘാടനം നടത്തുകയാണ് ചെയ്തത്. പാർലമെൻറ് സമ്മേളനം ഉപേക്ഷിച്ചാണ് മോദി വാരാണസിയിലെ 'മാമാങ്ക'ത്തിന് പോയത്. പാർലമെൻറ് ആക്രമണ വാർഷികദിനത്തിൽ, രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിക്കാനും ഇത്തവണ നിന്നില്ല. കാഷായ വേഷങ്ങൾ അടിക്കടിമാറ്റി മോദി നടത്തിയ പ്രദർശന പരിപാടിയെ 'ഫക്കീറിെൻറ ഫാഷൻ പരേഡ്' എന്നാണ് പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ വിശേഷിപ്പിച്ചത്.
പ്രധാനമന്ത്രി അർധരാത്രി കാശി ഇടനാഴിയിൽ
വാരാണസി: കാശി ഇടനാഴി ഉദ്ഘാടനത്തിന് വാരാണസിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അർധരാത്രി നഗരപര്യടനത്തിനിറങ്ങി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം കാശി ഇടനാഴി പദ്ധതിപ്രദേശവും ബനാറസ് റെയിൽവേ സ്റ്റേഷനും അദ്ദേഹം സന്ദർശിച്ചു. ക്ഷേത്രനഗരത്തിലെ പ്രധാന വികസനപ്രവർത്തനങ്ങൾ പരിശോധിച്ചതായി പുലർച്ചെ ഒന്നിന് അദ്ദേഹം ട്വീറ്റ് ചെയ്തു. പാതിരാസന്ദർശന ചിത്രങ്ങളും പങ്കുവെച്ചു.
കാശിയിൽ പ്രസംഗിക്കാനും വേണം, മോദിക്ക് ടെലിപ്രോംപ്ടർ
ന്യൂഡൽഹി: കാശി ക്ഷേത്രദർശനത്തിനു ശേഷമുള്ള പ്രസംഗത്തിനും ടെലിപ്രോംപ്ടർ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സന്ന്യാസിമാരെയും മറ്റും അഭിസംബോധന ചെയ്യുമ്പോഴാണ് മുൻകൂട്ടി തയാറാക്കിയ പ്രസംഗം നോക്കി വായിക്കാൻ മോദി ഇലക്ട്രോണിക് ഉപകരണത്തെ ആശ്രയിച്ചത്. ടെലിപ്രോംപ്ടറുമായല്ല ഹിന്ദുക്കൾ ക്ഷേത്രത്തിൽ പോകുന്നതെന്നും, ഹിന്ദുത്വവാദികളാണ് അങ്ങനെ ചെയ്യുന്നതെന്നും യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡൻറ് ബി.വി. ശ്രീനിവാസ് പറഞ്ഞു. ടെലിപ്രോംപ്ടർ ഉപയോഗിച്ച് കാശിയിൽ മോദി പ്രസംഗിക്കുന്ന ചിത്രം അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.