ന്യുഡൽഹി: ഫ്രീഡം ഓഫ് എക്സ്പ്രഷൻ അവാർഡിന്‍റെ നോമിനേഷനിൽ അവസാന മൂന്ന് പേരിൽ ഒരാളായി ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈർ. 2023ലെ ജേർണലിസം വിഭാഗത്തിലാണ് മുഹമ്മദ് സുബൈർ അവസാനഘട്ടത്തിൽ എത്തിയത്. ലോകത്തെമ്പാടും സെൻസർഷിപ്പിനെതിരായ പോരാട്ടത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയവർക്കാണ് ഇൻഡെക്സ് ഓൺ സെൻസർഷിപ് ഫ്രീഡം ഓഫ് എക്സ്പ്രഷൻ അവാർഡ് നൽകുന്നത്.
ഇന്ത്യൻ ഫാക്ട് ചെക്ക് പ്ലാറ്റ്‌ഫോമായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകനായ മുഹമ്മദ് സുബൈറിന് ഭരണകക്ഷിയിൽ സ്വാധീനമുള്ള അംഗങ്ങൾ പ്രചരിപ്പിച്ച തെറ്റായ വിവരങ്ങളെ പുറത്ത്കൊണ്ടുവന്നതിന് ശേഷം ഭീഷണികൾ നേരിടേണ്ടി വന്നുവെന്ന് ഇൻഡെക്സ് ഓൺ സെൻസർഷിപ് വിവരിക്കുന്നു.
2022 ജൂണിൽ ബി.ജെ.പിയുടെ ദേശീയ വക്താവിന്‍റെ വിദ്വേഷ പ്രസ്താവന പുറത്തുകൊണ്ടുവന്നതിന് മുഹമ്മദ് സുബൈറിനെതിരെ മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തി ഡൽഹി പൊലീസ് കേസ് എടുത്തിരുന്നു. 2018-ലെ ട്വീറ്റിന്‍റെ പേരിൽ ഉത്തർപ്രദേശ് പൊലീസും കേസെടുത്തിരുന്നു.
നിരന്തരമായ കേസുകൾക്കും ആരോപണങ്ങൾക്കുമൊടുവിൽ സുബൈറിന് സുപ്രീം കോടതി ജാമ്യം നൽകുകയും കസ്റ്റഡിയിൽ വക്കുന്നതിന് ന്യായീകരണമില്ലാത്തതിനാൽ വിട്ടയക്കാൻ ഉത്തരവിടുകയും ചെയ്തു.
സൊമാലിയയിലെ സ്ത്രീകൾ മാത്രമുള്ള ആദ്യ മാധ്യമമായ ബിലൻ മീഡിയയും ഭരണകൂട ഭീഷണികൾ കാരണം ചെറുപ്പത്തിൽ തന്നെ അഫ്ഗാനിസ്ഥാൻ വിടാൻ നിർബന്ധിതനായ മൊർതാസ ബെഹ്ബൗദിയുമാണ് മുഹമ്മദ് സുബൈറിനൊപ്പം നോമിനേഷനിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.