ലഖ്നോ: വിശക്കുമ്പോൾ അന്നമൂട്ടിയ മനുഷ്യൻ ചലനമറ്റ് കിടന്നപ്പോൾ കരച്ചിലടക്കാനാവാതെ കെട്ടിപ്പിടിച്ചുകിടന്ന കുരങ്ങ് കണ്ടുനിന്നവരെ അത്ഭുതപ്പെടുത്തി. മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ 40 കി.മീ ദൂരം മൃതദേഹത്തോടൊപ്പം ഈ മിണ്ടാപ്രാണി സഞ്ചരിക്കുകയും ചെയ്തു.
ഉത്തർപ്രദേശിലെ അംരോഹയിലാണ് അത്യപൂർവ ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തിയ സംഭവം. രാംകുൻവർ സിങ് എന്നയാൾ മരിച്ചപ്പോഴായിരുന്നു ഇടക്കിടെ ഇദ്ദേഹം ഭക്ഷണം നൽകിയിരുന്ന കുരങ്ങിനെ ദുഃഖിതനായി കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം നിലത്ത് കിടന്ന് കരഞ്ഞ വാനരൻ പിന്നീട് മൃതശരീരം കെട്ടിപ്പിടിച്ച് ഏറെ നേരം കിടന്നു.
ശവദാഹത്തിന് ചിതയിലേക്ക് കൊണ്ടുപോകുമ്പോൾ വണ്ടിയിൽ കയറിപ്പറ്റിയ ഈ നന്ദിയുള്ള മൃഗം മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മരിച്ച രാംകുൻവറിന്റെ കുടുംബത്തോടൊപ്പം മൃതദേഹത്തിനരികിൽ ഇരുന്ന് കരയുന്നതും കാണാം.
കഴിഞ്ഞ രണ്ട് മാസമായി രാംകുൻവർ കുരങ്ങന് ഭക്ഷണം നൽകിയിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. കൂടാതെ ഇരുവരും ദിവസവും കളിതമാശകളിലേർപ്പെടാനും സമയം കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് രാംകുൻവർ മരിച്ചത്. അൽപസമയത്തിന് ശേഷം പതിവുപോലെ കുരങ്ങൻ സ്ഥലത്തെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം മനസ്സിലായത്. ഏറെനേരം അവിടെ ചെലവഴിച്ച് കണ്ണീർ പൊഴിച്ചതായി പ്രദേശവാസികൾ പറഞ്ഞു. തിഗ്രിധാമിൽ നടന്ന സംസ്കാര ചടങ്ങിൽ എരിയുന്ന ചിതക്ക് സമീപം ഏറെ നേരം കാത്തിരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.