ബന്ദ: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാതെ ജൈന സന്യാസിക്ക് സ്വീകരണമൊരുക്കാൻ മധ്യപ്രദേശിൽ ഒത്തുകൂടിയത് നൂറുകണക്കിനാളുകൾ. മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. സന്യാസിയായ മുനി പ്രണാംസാഗറിനെയും പരിവാരങ്ങളെയും സ്വീകരിക്കാനായി ആയിരക്കണക്കിനാളുകൾ ബന്ദയിൽ കഴിഞ്ഞ ദിവസം ഒത്തുകൂടിയ ദൃശ്യങ്ങൾ വാർത്ത ഏജൻസിയാണ് പുറത്തുവിട്ടത്. മാസ്ക് പോലും ധരിക്കാതെയാണ് ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങിയത്.
ജില്ല ആസ്ഥാനത്ത് നിന്നും 35 കിലോമീറ്റർ അകലെയാണ് ബാന്ദ പട്ടണം. സന്യാസിയും അനുയായികളും പട്ടണത്തിലെത്തിയപ്പോൾ ആളുകൾ ലോക്ഡൗൺ നിയമങ്ങൾ കാറ്റിൽപറത്തി റോഡിലേക്കിറങ്ങുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം നടത്തി സാമൂഹിക അകലം പാലിക്കാത്തതിനും കൂട്ടംകൂടിയതിനും സംഘാടകർക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായി സാഗർ അഡീഷനൽ പൊലീസ് സുപ്രണ്ട് പ്രവീൺ ഭൂരിയ പറഞ്ഞു. 400 മുതൽ 500 വരെ ആളുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ പോകുകയാണെന്ന് ബാന്ദ പൊലീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു.
സാഗർ ജില്ലയിൽ ഇതുവരെ 10 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും ഒരാൾ മരിക്കുകയും െചയ്തിരുന്നു. ലോക്ഡൗണിൽ ഇളവുകൾ വരുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ജനങ്ങളിൽ നിന്ന് നിർദേശങ്ങൾ തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.