ന്യൂഡൽഹി: പ്രതിമാസ വീട്ടുചെലവ് 10 വർഷത്തിനിടെ ഇരട്ടിയിലധികമായി വർധിച്ചെന്ന് ദേശീയ സാമ്പിൾ സർവേ ഓഫിസ് (എൻ.എസ്.എസ്.ഒ) റിപ്പോർട്ട്. 2011-2023 കാലത്തെ ഗാർഹിക ചെലവാണ് പഠനവിധേയമാക്കിയത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിനുകീഴിലുള്ള എൻ.എസ്.എസ്.ഒ 2022 ആഗസ്റ്റ് മുതൽ 2023 ജൂലൈ വരെയാണ് ഗാർഹിക ഉപഭോഗ ചെലവ് സർവേ (എച്ച്.സി.ഇ.എസ്) നടത്തിയത്.
മാസംതോറുമുള്ള പ്രതിശീർഷ ഉപഭോഗ ചെലവും (എം.പി.സി.ഇ) വിതരണവും സംബന്ധിച്ച എസ്റ്റിമേറ്റ് തയാറാക്കാനാണ് സർവേ ലക്ഷ്യമിട്ടത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ഗ്രാമീണ, നഗര മേഖലകൾ തിരിച്ചാണ് പഠനം നടത്തിയത്. സർവേ പ്രകാരം, നിലവിലെ വില അനുസരിച്ച് നഗരങ്ങളിൽ ശരാശരി പ്രതിമാസ പ്രതിശീർഷ ചെലവ് 2022-23ൽ 6,459 രൂപയായി. 2011-12ൽ ഇത് 2,630 രൂപയായിരുന്നു. ഗ്രാമീണ മേഖലയിൽ ഇത് 1,430 രൂപയിൽനിന്ന് 3,773 രൂപയായി വർധിച്ചു.
നഗരമേഖലയിൽ 2011-12ലെ വില അനുസരിച്ചുള്ള ശരാശരി പ്രതിമാസ ചെലവ് 2022-23ൽ 3,510 രൂപയായി. 2011-12 കാലത്ത് ഇത് 2,630 രൂപയായിരുന്നു. ഗ്രാമീണ മേഖലയിൽ ഇത് 1,430 രൂപയിൽനിന്ന് 2,008 രൂപയായി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഗ്രാമീണ പ്രദേശങ്ങളിൽ 1,55,014 വീടുകളിലും നഗരങ്ങളിലെ 1,06,732 വീടുകളിലുമാണ് സർവേ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.