ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിനേഷനിലും ലിംഗവിവേചനം. വാക്സിൻ സ്വീകരിച്ചവരിൽ 54 ശതമാനം പേരും പുരുഷൻമാരാണ്. 46 ശതമാനം സ്ത്രീകളും. എട്ടു ശതമാനമാണ് വാക്സിൻ സ്വീകരിച്ച പുരുഷൻമാരും സ്ത്രീകളും തമ്മിലുള്ള വ്യത്യാസം. ജനസംഖ്യ അനുപാതത്തിൽ ഇൗ വ്യത്യാസം അഞ്ചുശതമാനം മാത്രവും.
വാക്സിനേഷൻ സംബന്ധിച്ച തെറ്റായ പ്രചാരണമാണ് ഇതിന് തടസമായി നിൽക്കുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 'എനിക്ക് പേടിയാണ്. കാരണം ചിലർക്ക് വാക്സിൻ എടുത്തതിെൻറ ഭാഗമായി ന്യൂമോണിയ പിടിപെട്ടു. ചിലർക്ക് പനിയും ശ്വാസതടസവും അനുഭവപ്പെട്ടു. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കുഞ്ഞുങ്ങൾ എന്തുചെയ്യും? അതിനാൽ വാക്സിൻ വേണ്ട' -തെക്കുപടിഞ്ഞാൻ ഡൽഹിയിലെ മുനിർക സ്വദേശിയായ 40കാരി സരോജ് ഗുപ്ത പറയുന്നു. ഡൽഹിയിലെ ചേരിയിൽ ഒറ്റമുറി വീട്ടിലാണ് ഇവരുടെ താമസം. സെക്യൂരിറ്റി ഗാർഡായി ജോലിയെടുക്കുന്ന ഇവരുടെ ഭർത്താവും നാലു കുട്ടികളും അടങ്ങിയതാണ് സരോജിെൻറ കുടുംബം.
ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥരോ ആശ വർക്കർമാരോ വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ചോ എന്ന എൻ.ഡി.ടി.വിയുടെ ചോദ്യത്തിന് 'ആരും വന്നില്ല' എന്നായിരുന്നു ഇൗ വീട്ടമ്മയുടെ മറുപടി.
'തൊട്ടടുത്ത സെൻററിൽ ഞാൻ പോയിരുന്നു. എന്നാൽ അവിടെ വാക്സിൻ ലഭ്യമല്ലായിരുന്നു. ഏറെദൂരം സഞ്ചരിക്കാൻ എനിക്ക് കഴിയില്ല. ഇൗ സമയങ്ങളിൽ ബസിൽ ഒരു സീറ്റ് ലഭിക്കാൻ ബുദ്ധിമുട്ടാണ്. ഒാേട്ടാക്ക് ഉയർന്ന നിരക്കും നൽകണം' -വാക്സിൻ സ്വീകരിച്ചോ എന്ന ചോദ്യത്തിന് 32കാരിയായ സംഗീതയുടെ മറുപടി ഇതായിരുന്നു.
ഡൽഹിയിലും ഉത്തർപ്രദേശിലുമാണ് വാക്സിനേഷനിലെ ലിംഗ വിവേചനം പ്രകടം. ഇവിടങ്ങളിൽ 42 ശതമാസം സ്ത്രീകൾ മാത്രമാണ് വാക്സിൻ സ്വീകരിച്ചത്.
അതേസമയം, നാലു സംസ്ഥാനങ്ങളിൽ മാത്രമാണ് പുരുഷൻമാർക്കൊപ്പം സ്ത്രീകളും വാക്സിൻ സ്വീകരിച്ചത്. ആന്ധ്രപ്രദേശ്, കേരളം, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ പുരുഷൻമാരേക്കാൾ കൂടുതൽ സ്ത്രീകൾ വാക്സിൻ സ്വീകരിച്ചു. ഹിമാചൽ പ്രദേശിൽ ഒപ്പത്തിനൊപ്പവും. കേരളത്തിൽ 52 ശതമാനം സ്ത്രീകളും 48 ശതമാനം പുരുഷൻമാരുമാണ് വാക്സിൻ സ്വീകരിച്ചത്.
'ലിംഗപരമായ അസന്തുലിതാവസ്ഥ അടുത്ത ദിവസങ്ങളിൽ ശരിയാക്കണം. ഇൗ വ്യത്യാസം നിലനിൽക്കാതെ സ്ത്രീകളും വാക്സിനും സ്വീകരിക്കണം. അത് ഭാവിയിലേക്കൊരു പാഠമായിരിക്കും' -മുതിർന്ന ഉദ്യോഗസ്ഥനായ ഡോ. വി.കെ. പോൾ പറഞ്ഞു.
വാക്സിനേഷൻ സംബന്ധിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുക മാത്രമാണ് പരിഹാരമെന്ന് പൊതുജനാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.