ധാക്ക: ബംഗ്ലാദേശിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭ പശ്ചാത്തലത്തിൽ കൂടുതൽ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തു. ശൈഖ് ഹസീന സർക്കാർ രാജിവെച്ച് സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ശനിയാഴ്ച ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി, ജമാഅത്തെ ഇസ്ലാമി എന്നിവയുടെ നേതൃത്വത്തിൽ ധാക്കയിൽ ലക്ഷത്തിലധികം പേർ പങ്കെടുത്ത റാലി നടത്തിയിരുന്നു. ശൈഖ് ഹസീന രാജിവെച്ച് നിഷ്പക്ഷ സർക്കാറിനു കീഴിൽ സ്വതന്ത്രവും സുതാര്യവുമായി തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആവശ്യം. രാജിയാവശ്യം തള്ളിയ ഹസീന ഉരുക്കുമുഷ്ടികൊണ്ട് സമരത്തെ നേരിടാനാണ് ശ്രമിക്കുന്നത്. മുൻ വാണിജ്യ മന്ത്രി അമീർ ഖുസ്റു മഹ്മൂദ് ചൗധരി ഉൾപ്പെടെ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ നിരവധി നേതാക്കളെയും രണ്ടായിരത്തിലേറെ പ്രവർത്തകരെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ബി.എൻ.പി വക്താവ് സഹീറുദ്ദീൻ സ്വപൻ, മുൻ ദേശീയ ഫുട്ബാൾ താരവും പാർട്ടി ധാക്ക യൂനിറ്റ് മേധാവിയുമായ അമീനുൽ ഹഖ് എന്നിവരെ കൂടി ഇപ്പോൾ അറസ്റ്റ് ചെയ്തു. സമരത്തിനിടെ ഏറ്റുമുട്ടലിൽ നാലു പാർട്ടി പ്രവർത്തകരും ഒരു സുരക്ഷ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച സംഭവത്തിൽ ബി.എൻ.പിയുടെ മുതിർന്ന നേതാവ് മിർസ ഫഖ്റുൽ ഇസ്ലാം ആലംഗീറിന്റെ മേൽ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. 2018ൽ മുൻ പ്രധാനമന്ത്രി ഖാലിദ സിയ ജയിലിലായ ശേഷം ആലംഗീറും അമീർ ഖുസ്റു മഹ്മൂദ് ചൗധരിയുമാണ് പാർട്ടിയെ നയിക്കുന്നത്. ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടിയുമായി ഒരുവിധ ഒത്തുതീർപ്പ് ചർച്ചക്കുമില്ലെന്ന് ശൈഖ് ഹസീന പാർലമെന്റിൽ പറഞ്ഞു. വീട്ടുതടങ്കലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി നേതാവുമായ ബീഗം ഖാലിദ സിയയെ ഉടൻ മോചിപ്പിക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. ശൈഖ് ഹസീന ഭരണകൂടത്തിനെതിരെ അഴിമതി, മനുഷ്യാവകാശ ധ്വംസന പരാതികൾ പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.