50 ശതമാനത്തിലധികം ആരോഗ്യ പ്രവർത്തകർക്കും ജോലിസ്ഥലം സുരക്ഷിതമല്ല -പഠനം

ന്യൂഡൽഹി: 50 ശതമാനത്തിലധികം ആരോഗ്യ പ്രവർത്തകരും ജോലിസ്ഥലം സുരക്ഷിതമല്ലെന്ന് കരുതുന്നതായി പഠനം. വർധമാൻ മഹാവീർ മെഡിക്കൽ കോളജ് (വി.എം.എം.സി), സഫ്ദർജങ് ആശുപത്രി, ന്യൂഡൽഹിയിലെ എയിംസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തിയ പഠനം ഇന്ത്യൻ ആരോഗ്യ സംരക്ഷണ ക്രമീകരണങ്ങളിലെ സുരക്ഷാ പ്രശ്നങ്ങൾ എടുത്തുകാണിക്കുന്നു.

ഇന്ത്യയിലുടനീളമുള്ള വിവിധ മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്നുള്ള 1,566 ആരോഗ്യ പ്രവർത്തകർക്കിടയിലാണ് സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്തവരിൽ 869 (55.5 ശതമാനം) സ്ത്രീകളും 697 (44.5 ശതമാനം) പുരുഷന്മാരും ഉൾപ്പെടുന്നു. ഫാക്കൽറ്റി അംഗങ്ങൾ, മെഡിക്കൽ ഓഫിസർമാർ, നഴ്സിങ് സ്റ്റാഫ്, മറ്റ് സപ്പോർട്ടിങ് സ്റ്റാഫ് എന്നിവരിൽ നിന്നുമാണ് പ്രതികരണങ്ങൾ ശേഖരിച്ചത്.

സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും സർക്കാർ നിയന്ത്രണത്തിലുള്ള മെഡിക്കൽ കോളജുകളിലാണ് ജോലി ചെയ്തിരുന്നത്. പകുതിയിലധികം ആരോഗ്യ പ്രവർത്തകർ (58.2 ശതമാനം) ജോലിസ്ഥലത്ത് സുരക്ഷിതരല്ലെന്നും 78.4 ശതമാനം പേർ ഡ്യൂട്ടിയിൽ ഭീഷണി നേരിടുന്നതായും റിപ്പോർട്ട് വെളിപ്പെടുത്തി.

ആരോഗ്യപ്രവർത്തകരിൽ പകുതിയോളം പേർക്ക് രാത്രി ജോലി ചെയ്യുമ്പോൾ പോലും പ്രത്യേക ഡ്യൂട്ടി റൂം ലഭ്യമല്ല. 62 ശതമാനം പേർ എമർജൻസി അലാറം സംവിധാനം അപര്യാപ്തമാണെന്ന് റിപ്പോർട്ട് ചെയ്തു. സുരക്ഷ ശക്തിപ്പെടുത്താനും സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കാനും ഡ്യൂട്ടി മുറിയുടെ അവസ്ഥ മെച്ചപ്പെടുത്താനും അക്രമം കൈകാര്യം ചെയ്യുന്നതിനുള്ള വ്യക്തമായ പ്രോട്ടോക്കോളുകൾ നടപ്പിലാക്കാനും പഠനം ശുപാർശ ചെയ്തു.

'എപ്പിഡെമിയോളജി ഇന്‍റർനാഷണൽ' ജേണലിന്‍റെ സമീപകാല ലക്കത്തിൽ പ്രസിദ്ധീകരിച്ച 'വർക്ക്പ്ലെയിസ് സേഫ്റ്റി ആന്‍റ് സെക്യൂരിറ്റി ഇൻ ഇന്ത്യൻ ഹെൽത്ത്കെയർ സെറ്റിങ്: എ ക്രോസ് സെക്ഷണൽ സർവേ' എന്ന പഠനമാണ് ആരോഗ്യ രംഗത്തെ സുരക്ഷാനടപടികൾ മെച്ചപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത തുറന്നുകാട്ടുന്നത്. 

Tags:    
News Summary - More than 50% healthcare workers feel their workplace is 'unsafe': Study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.