ലഖ്നോ: യു.പിയിൽ കോവിഡ് വ്യാപനം ഭീകരമായി തുടരുേമ്പാഴും ആശുപത്രികളിൽ കിടക്കകൾ കിട്ടാനില്ലാതെ രോഗികൾ അലയുകയാണ്. സംസ്ഥാനത്തെ ആശുപത്രിയിൽ ഒരു ബെഡിന് 50 രോഗികള്‍ വരെ ക്യൂ നില്‍ക്കുന്നതായും രണ്ട് ദിവസത്തിലേറെയായി ബെഡിന് വേണ്ടി കാത്തുകിടക്കുന്നവരുണ്ടെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയിൽ മഹാരാഷ്ട്രക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഉത്തര്‍പ്രദേശ്. 1,50,676 ആക്ടീവ് കേസുകളാണ് ഇപ്പോൾ യുപിയിലുള്ളത്.
ഓക്‌സിജന്‍ മാസ്‌ക് മാത്രം നല്‍കി ബെഡ് ഒഴിയുന്നത് വരെ കാത്തിരിക്കണമെന്ന് കിങ് ജോര്‍ജ്‌സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ തന്നോട് പറഞ്ഞതായി വികാസ് വര്‍മ (38) എന്നയാള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് വെളിപ്പെടുത്തി. 520 ഓളം കിടക്കകളുള്ള ആശുപത്രിയുടെ കോവിഡ് വാർഡിൽ ഒരു കിടക്കയ്ക്കായി താൻ രണ്ട് ദിവസമായി താൻ കാത്തിരിക്കുകയാണെന്നും വർമ പറയുന്നു. നിലവില്‍ ഈ ആശുപത്രിയില്‍ 427 ഐ.സി.യുവും 133 വെന്‍റിലേറ്ററുകളുമാണുള്ളത്. ലഖ്നോവിലെ മിക്ക ആശുപത്രികളിലും ഇതേ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ച 70 വയസുകാരിയായ സർള അശ്വതി എന്ന സ്ത്രീയുടെ മകനും കർഷകനുമായ വൈഭവ് അശ്വതി എന്നയാളും തന്‍റെ നിസ്സഹായാവസ്ഥ വിശദീകരിച്ചു. 'എന്‍റെ മാതാവിന് ശ്വസന തടസ്സം നേരിട്ടപ്പോൾ അഞ്ചോളം സ്വകാര്യ ആശുപത്രികളിൽ കയറിയിറങ്ങി. എന്നാൽ, അവരെല്ലാവരും വെന്‍റിലേറ്ററുകളില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മയെ സ്വീകരിച്ചില്ല. അവസാനം ഇവിടെയെത്തി. ഇപ്പോൾ അമ്മയുടെ ഓക്സിജൻ ലെവൽ താഴ്ന്നുകൊണ്ടിരിക്കുകയാണ്. എത്രയും പെട്ടന്ന് ഒരു ഐ.സി.യു ബെഡിന്‍റെ ആവശ്യമുണ്ട്. എനിക്ക് എന്ത് ചെയ്യണമെന്നറിയില്ല. ഒരു മണിക്കൂർ മുമ്പ് ഈ റൂം കരയുകയും നിലവിളിക്കുകയും ചെയ്യുന്ന ആളുകളാൽ നിറഞ്ഞിരിക്കുകയായിരുന്നു. ഇതെല്ലാം എന്‍റെ ഹൃദയം തകർക്കുകയാണ്''. -വൈഭവ് ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
ലഖ്നോവില്‍ മാത്രം 10ലധികം കോവിഡ് സ്‌പെഷ്യല്‍ ആശുപത്രികളുണ്ടെങ്കിലും രോഗികള്‍ക്ക് മതിയായ ചികിത്സ ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്. ആശുപത്രികളിൽ ബെഡുകളുടെ കുറവ് കാര്യമായുണ്ടെന്ന് അധികൃതരും അംഗീകരിക്കുന്നുണ്ട്. പോസിറ്റീവായരോട് ഹോം ഐസൊലേഷന്‍ നിര്‍ദേശിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.