സൻസദ് ടി.വിയിൽ രാഹുലിന്റെ പ്രസംഗം കണ്ടത് ഏഴ് ലക്ഷത്തിലധികം പേർ; മോദിയുടേത് 68,000

ന്യൂഡൽഹി: കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ ഗംഭീര പ്രസംഗം പാർലമെന്റിന്റെ ഇരുസഭകളുടെയും പരിപാടികൾ ഔദ്യോഗികമായി സംപ്രേഷണം ചെയ്യുന്ന സൻസദ് ടി.വിയുടെ യു ട്യൂബ് ചാനലിലും വൻ ഹിറ്റ്. ഒരു മണിക്കൂറും 42 മിനിറ്റും നീണ്ട വിഡിയോ ഏഴ് ലക്ഷത്തിലധികം പേരാണ് രണ്ട് ദിവസം കൊണ്ട് കണ്ടത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു മണിക്കൂറിലധികം നീളുന്ന രണ്ട് വിഡിയോകളും കൂടി ഇതുവരെ കണ്ടത് ഒരു ലക്ഷത്തിൽ താഴെ പേർ മാത്രമാണ്. ഒരു മണിക്കൂറും 15 മിനിറ്റും നീളുന്ന വിഡിയോ 68000 പേരും ഒരു മണിക്കൂറുള്ള മറ്റൊരു വിഡിയോ 31000 പേരുമാണ് കണ്ടത്.

അതേസമയം, കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഏറ്റവും കൂടുതൽ പേർ കണ്ടത് ഉത്തർ പ്രദേശിലെ നാഗിന മണ്ഡലത്തി​ൽനിന്ന് വിജയിച്ച ഭീം ആർമി നേതാവും സാമൂഹിക പ്രവർത്തകനുമായ ചന്ദ്രശേഖർ ആസാദിന്റെ എട്ട് മിനിറ്റോളമുള്ള പ്രസംഗമാണ്. എട്ട് ലക്ഷത്തിലധികം പേരാണ് ഇതിന്റെ വിഡിയോ കണ്ടത്.

സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ പ്രസംഗത്തിന് 3,87,000വും ഇരു വിഭാഗങ്ങൾ തമ്മിലുള്ള കലാപം നിയന്ത്രിക്കാനാവാതെ ബി.ജെ.പി പ്രതിരോധത്തിലായ മണിപ്പൂരിൽനിന്നുള്ള കോൺഗ്രസ് എം.പി അൻഗോംച ബിമോലിന്റെ പ്രസംഗത്തിന് ഒന്നര ലക്ഷത്തിലേറെയും എ.ഐ.എം.ഐ.എം അസദുദ്ദീൻ ഉവൈസിയുടെ പ്രസംഗത്തിന് 74000വും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ പ്രസംഗത്തിന് 52000ത്തിലധികവും ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ അനുരാഗ് താക്കൂറിന്റെ പ്രസംഗത്തിന് 60,000വും കാഴ്ചക്കാരെ കിട്ടി. അയോധ്യ ഉൾക്കൊള്ളുന്ന ഫൈസാബാദ് മണ്ഡലത്തിൽനിന്ന് ബി.ജെ.പി സ്ഥാനാർഥിയെ തറപറ്റിച്ച് വിജയം പിടിച്ച എസ്.പിയിലെ അവധേഷ് പ്രസാദിന്റെ പ്രസംഗം 30,000ത്തോളം പേർ സൻസദ് ടി.വി യു ട്യൂബ് ചാനലിൽ കേട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ രാഹുൽ ഗാന്ധി ആഞ്ഞടിച്ച പ്രസംഗം സമൂഹ മാധ്യമങ്ങളും വ്യാപകമായി ഏറ്റെടുത്തിരുന്നു. മോദി സർക്കാറിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തിയായിരുന്നു പ്രതിപക്ഷ നേതാവായ ശേഷമുള്ള രാഹുലിന്റെ ലോക്സഭയിലെ ആദ്യ പ്രസംഗം.

Tags:    
News Summary - More than seven lakh people watched Rahul's speech on Sansad TV; Modi's is 68,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.