അഹമദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 330 സ്ഥാനാർഥികൾക്കെതിരെ ക്രിമിനൽ കേസുകളുള്ളതായി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംമ്സിന്‍റെ (എ.ഡി.ആർ) റിപ്പോർട്ട്. 192 സ്ഥാനാർഥികൾക്കെതിരെ കൊലപാതകം, ബലാത്സംഗം, കൊലപാതകശ്രമം, തട്ടികൊണ്ടുപോകൽ തുടങ്ങി ഗുരുതരകുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തവരിൽ എ.എ.പി സ്ഥാനാർഥികളാണ് മുന്നിൽ. 61പേർക്കെതിരെയാണ് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തത്. കോൺഗ്രസിന്‍റെ 60 സ്ഥാനാർഥികൾക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം ബി.ജെ.പി യുടെ സ്ഥാനാർഥികളിൽ 32 പേർക്കെതിരെയാണ് ക്രിമിനൽ കേസുകളുള്ളത്.
ഗുരുതരകേസുകൾ ചുമത്തപ്പെട്ടവരിലും കൂടുതൽ എ.എ.പി സ്ഥാനാർഥികളാണ്. 43 പേർക്കെതിരായാണ് ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് കേസ് എടുത്തത്. കോൺഗ്രസിന്‍റെ 28 സ്ഥാനാർഥികളും ബി.ജെ.പിയുടെ 25 സ്ഥാനാർഥികളും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. ക്രിമിനൽ പശ്ചാത്തലമുള്ളവരെ സ്ഥാനാർഥികളാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന സുപ്രിം കോടതി നിർദേശം രാഷ്ട്രീയപാർട്ടികൾ അനുസരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു.
2017ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായ 238പേർക്കെതിരെയാണ് ക്രിമിനൽ കേസുകൾ ഉണ്ടായിരുന്നത്. ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 1,621 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എ.എ.പി 181സിറ്റുകളിലും കോൺഗ്രസ് 179 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. ഭരണകക്ഷിയായ ബി.ജെ.പി 182 സീറ്റുകളിലും മത്സരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.