മുംബൈ: മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എൽ.എമാരിൽ പലരും അസംതൃപ്തരാണെന്നും പലർക്കും ഇത് തുറന്ന് പറയാൻ ഭയമാണെന്നും ബി.ജെ.പി ദേശീയ സെക്രട്ടറി പങ്കജ മുണ്ഡെ. കോൺഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ തള്ളിയ മുണ്ടെ താൻ പാർട്ടിയിൽ നിന്നും രണ്ട് മാസത്തേക്ക് അവധിയെടുക്കുകയാണെന്നും വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും മുണ്ടെ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും ഈ വാർത്ത നൽകിയ ചാനലിനെതിരെ അപകീർത്തിക്കേസ് നൽകുമെന്നും മുണ്ടെ പറഞ്ഞു.
"20 വർഷം ഞാൻ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച ഒരാളാണ്. അതിനുപുറമേ ഇപ്പോൾ ചോദ്യം ചെയ്യുന്നത് എന്‍റെ നീതിയെക്കുറിച്ചും നിലപാടിനെ കുറിച്ചുമാണ്. ഞാൻ രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും കണ്ടുവെന്നും ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേരുകയാണെന്നുമുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ട് തീർത്തും തെറ്റാണ്. ഒരു പാർട്ടിയുടെയും ഒരു നേതാവുമായും ഞാൻ കൂടിക്കാഴ്ച നടത്തിയിട്ടില്ല. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം എന്‍റെ രക്തത്തിലാണ്. അടൽ ബിഹാരി വാജ്പേയും ഗോപിനാഥ് മുണ്ടെയും കാണിച്ചുതന്ന വഴിയിലൂടെയാണ് ഞാൻ സഞ്ചരിക്കുന്നത്" - പങ്കജ മുണ്ടെ കൂട്ടിച്ചേർത്തു.
105 എം.എൽ.എമാർ ബി.ജെ.പിക്കുണ്ട്. ഇതിൽ പലരും ഇപ്പോൾ അസ്വസ്ഥരാണ്. എന്നാൽ അതേക്കുറിച്ച് തുറന്ന് പറയാൻ പലർക്കും ഭയമാണെന്നും മുണ്ടെ പറഞ്ഞു. താൻ എപ്പോഴും പാർട്ടിയുടെ തീരുമാനങ്ങളെ പിന്തുണച്ചിട്ടേയുള്ളൂവെന്നും, ആരെയും കടന്നാക്രമിക്കാനില്ല. പണ്ട് 2019ൽ തെരഞ്ഞെടുപ്പിൽ തോൽവി നേരിട്ടതിന് ശേഷം ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ഞാൻ അസന്തുഷ്ടയാണ് എന്ന് ചൂണ്ടിക്കാട്ടി പല റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ടെന്നും തന്‍റെ പ്രത്യയശാസ്ത്രങ്ങൾക്ക് മാറ്റം വരുത്തേണ്ടി വന്നാൽ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുമെന്നും പങ്കജ മുണ്ടെ വ്യക്തമാക്കി.
അതേസമയം പങ്കജയുമായി കൂടിക്കാഴ്ച നടത്തുമെന്നും പാർട്ടിയുമായി സഹകരിക്കുന്നത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. "പങ്കജ മുണ്ടെ ഒരു ദേശീയ നേതാവാണ്. വർഷങ്ങളായി പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുന്ന വ്യക്തിയാണ്. മുണ്ടെയുമായി പാർട്ടി കൂടിക്കാഴ്ച നടത്തും. എൻ.സി.പിക്കെതിരെ കാലങ്ങളായി പ്രവർത്തിച്ചവരാണ് ബി.ജെ.പി. ആ സാഹചര്യത്തിൽ എൻ.സി.പി നേതാക്കളുടെ പെട്ടെന്നുള്ള ലയനം അംഗീകരിക്കാൻ പ്രവർത്തകർക്ക് പ്രയാസമുണ്ടാകും" - ഫഡ്നാവിസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.