കോടതിവിധിയുണ്ടായിട്ടും കുഞ്ഞിനെ അച്ഛന് കൈമാറിയില്ല; അമ്മയുടെ ശമ്പളം തടയാൻ നിർദേശിച്ച് കോടതി

ബംഗളൂരു: കോടതിവിധിയുണ്ടായിട്ടും കുഞ്ഞിനെ അച്ഛന് കൈമാറിയില്ലെന്ന പരാതിയിൽ, കുഞ്ഞിനെ കൈമാറും വരെ അമ്മയുടെ ശമ്പളം തടഞ്ഞുവെക്കാൻ തൊഴിൽ സ്ഥാപനത്തോട് നിർദേശിക്കണമെന്ന് കർണാടക കോടതി ഉത്തരവ്. കുഞ്ഞിനെ കൈമാറിയ ശേഷമേ ശമ്പളം നൽകേണ്ടതുള്ളൂവെന്ന് സ്ഥാപനത്തെ അറിയിക്കാൻ പൊലീസിന് നിർദേശം നൽകി. ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് അനന്ത് രാമനാഥ് ഹെഗ്ഡെ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

തെറ്റിപ്പിരിഞ്ഞ ദമ്പതികളുടെ ഏഴ് വയസുള്ള പെൺകുഞ്ഞിനെ അച്ഛന് കൈമാറണമെന്ന് കഴിഞ്ഞ മാർച്ചിൽ കുടുംബകോടതി വിധിച്ചിരുന്നു. എന്നാൽ, ഭാര്യ കുഞ്ഞിനെ ഇനിയും കൈമാറിയില്ലെന്ന് കാട്ടി ഭർത്താവ് കോടതിയിൽ ഹേബിയസ് കോർപസ് ഹരജി ഫയൽ ചെയ്യുകയായിരുന്നു.

കോടതി ഉത്തരവുണ്ടായിട്ടും കുഞ്ഞിനെ അച്ഛന് കൈമാറാത്തത് നിയമവ്യവസ്ഥയെ അപമാനിക്കലാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും ഹൈകോടതി വ്യക്തമാക്കി. 24 മണിക്കൂറിനകം കുഞ്ഞിനെ കൈമാറിയെന്ന് ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ ഉറപ്പാക്കണമെന്ന് കോടതി ബംഗളൂരു പൊലീസ് കമീഷണർക്ക് നിർദേശം നൽകി. അമ്മക്കെതിരെ സ്വമേധയാ കേസെടുക്കാനും നിർദേശിച്ചു.

അതേസമയം, കുട്ടിയെ അനധികൃതമായി തടവിൽ വെച്ചിരിക്കുകയല്ലെന്നും അമ്മയോടൊപ്പമാണെന്നും എതിർഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ, കുടുംബകോടതി വിധി ചൂണ്ടിക്കാട്ടിയ ഹൈകോടതി, ഉത്തരവ് അനുസരിക്കാൻ കക്ഷികൾ ബാധ്യസ്ഥരാണെന്ന് വ്യക്തമാക്കി. 

Tags:    
News Summary - Mother Fails To Handover Child's Custody Court Requires Her Employer To Hold Back Pay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.