മുംബൈ: ജനിച്ച് സെക്കൻറുകൾക്കുള്ളിൽ അമ്മയെ നഷ്ടമായ കുഞ്ഞിന് മുലപ്പാൽ നൽകി നിരവധി അമ്മമാർ. കോവിഡ് ബാധിതയായിരുന്ന 32കാരിയായ മിനാൽ വെർനേകറിന് നടത്തിയ പ്രത്യേക സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിന് ജന്മം നൽകി സെക്കൻറുകൾക്കുള്ളിൽ മിനാലിന് ഹൃദയാഘാതമുണ്ടാകുകയും മരിക്കുകയുമായിരുന്നു. നാഗ്പുരിലെ കിങ്സ്വേ ആശുപത്രിയിലായിരുന്നു സംഭവം.
കുഞ്ഞ് ഇവാന് അലർജി പ്രശ്നമുള്ളതിനാൽ മുലപ്പാൽ അല്ലാതെ മറ്റൊന്നും നൽകാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. ഇവാന് മുലപ്പാൽ ആവശ്യമാണെന്ന വാർത്ത പരന്നതോടെ മഹാരാഷ്ട്രയിലെ നിരവധി അമ്മമാരാണ് മുലപ്പാൽ നൽകാനായി തയാറായത്.
'ഏപ്രിൽ എട്ടിന് ഭാര്യ മരിച്ചത് അറിഞ്ഞതിന് ശേഷം ഞങ്ങളുമായി ബന്ധപ്പെട്ട അമ്മമാരോട് ഞാനും കുടുംബവും നന്ദിയുള്ളവരായിരിക്കും. ഞങ്ങളുടെ കുഞ്ഞിന് മറ്റു പാലുകൾ അലർജിയായതിനാൽ നിരവധി സ്ത്രീകൾ ദിവസവും കുഞ്ഞിനായി മുലപ്പാൽ നൽകുന്നു. ഇൗ മനുഷ്യത്യപരമായ പ്രവൃത്തിമൂലം ഞങ്ങളുടെ കുഞ്ഞ് അതിജീവിക്കുകയും ആശുപത്രി വിടുകയും ചെയ്തു' -ഇവാെൻറ പിതാവ് ചേതൻ പറഞ്ഞു.
നാഗ്പുരിലെ എച്ച്.ആർ കൺസൽട്ടൻറ് ആയിരുന്നു മിനാൽ. നാഗ്പുരിൽ മാതാപിതാക്കൾക്കൊപ്പമായിരുന്നു മിനാലിെൻറ താമസം. കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മിനാൽ കുഞ്ഞിനായി കണ്ടുവെച്ചിരുന്ന ഇവാൻ എന്ന പേരാണ് കുഞ്ഞിന് ഇട്ടത്.
ഇവാൻ വീട്ടിലെത്തിയതിന് ശേഷവും കുടുംബം മുലപ്പാലിനായി അന്വേഷണം നടത്തിയിരുന്നു. തുടർന്ന് കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയുമായി ഫേസ്ബുക്കിലൂടെ ബന്ധപ്പെടുകയും നിരവധി അമ്മമാർ ഇവാന് മുലപ്പാൽ നൽകാനായി സന്നദ്ധത അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.