‘അംഗവൈകല്യത്തിന് കാരണം മുജന്മ പാപം’ -ഭിന്നശേഷിക്കാരെ അധിക്ഷേപിച്ച മോട്ടിവേഷണൽ സ്‌പീക്കർ അറസ്റ്റിൽ

ചെന്നൈ: സ്കൂളിൽ നടന്ന പരിപാടിയിൽ ഭിന്നശേഷിക്കാരെ അധിക്ഷേപിച്ച മോട്ടിവേഷണൽ സ്‌പീക്കറെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാദ പരാമർശങ്ങൾ നടത്തിയ മോട്ടിവേഷണൽ സ്‌പീക്കർ മഹാവിഷ്‌ണുവിനെയാണ് ചെന്നൈ വിമാനത്താവളത്തിൽനിന്ന് പിടികൂടിയത്. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ചതിനും അധ്യാപകനെ പരസ്യമായി അപമാനിച്ചതിനും കേസെടുത്ത ശേഷം ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഭിന്നശേഷിക്കാരെ അധിക്ഷേപിച്ചതുൾപ്പെടെ നിരവധി വിവാദ പരാമർശങ്ങൾ നടത്തിയ മഹാവിഷ്‌ണു, ഇത് ചോദ്യം ചെയ്ത കാഴ്ച വൈകല്യമുള്ള അധ്യാപകനെ അപമാനിക്കുകയും ചെയ്തു.

നഗരത്തിലെ അശോക് നഗറിലെ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. അന്ധതയടക്കമുള്ള വൈകല്യങ്ങളും സാമൂഹിക അസമത്വങ്ങളും മുജ്ജന്മ പാപങ്ങളുടെ ഫലമാണെന്ന് ഇയാൾ പറഞ്ഞു. “നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ജീവിച്ച് മരിക്കാമെന്ന് കരുതരുത്. അങ്ങനെ ചെയ്താൽ നിന്റെ അടുത്ത ജന്മം ക്രൂരമായിരിക്കും. കൈകളും കാലുകളും കണ്ണുകളും ഇല്ലാതെയാണ് പലരും ജനിക്കുന്നത്. പലരും വീടില്ലാതെയും ഒരുപാട് രോഗങ്ങളോടെയുമാണ് ജനിക്കുന്നത്. ദൈവം കാരുണ്യവാനാണെങ്കിൽ എല്ലാവരേയും ഒരുപോലെ സൃഷ്ടിക്കണമായിരുന്നു. എന്തുകൊണ്ട് അവൻ ചെയ്തില്ല? കഴിഞ്ഞ ജന്മത്തിലെ കർമ്മങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ജന്മം നിനക്ക് ലഭിക്കുന്നത്’’ എന്നായിരുന്നു പ്രസംഗം. ഇതിനെ കാഴ്‌ച വൈകല്യമുള്ള ശങ്കർ എന്ന അധ്യാപകൻ ചോദ്യം ചെയ്യുകയായിര​ുന്നു. ഇതോടെ പ്രകോപിതനായ മഹാവിഷ്ണു അധ്യാപകനോട് കയർക്കുകയും ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. മഹാവിഷ്ണു സ്കൂളിൽ അന്ധവിശ്വാസ ചിന്തകളാണ് പ്രസംഗിച്ച​തെന്നും അത് നിയമവിരുദ്ധമാണെന്നും അധ്യാപകൻ ചൂണ്ടിക്കാട്ടി.

ഗുരുകുല വിദ്യാഭ്യാസ സമ്പ്രാദായം ജാതി, ലിംഗ വ്യത്യാസങ്ങൾക്കനുസരിച്ച്‌ മാത്രമേ വിദ്യാഭ്യാസം നൽകിയിരുന്നൂള്ളൂ എന്ന്‌ പറഞ്ഞ മാഹാവിഷ്‌ണു, ഇതവസാനിപ്പിക്കാൻ കാരണമായ ബ്രിട്ടീഷുകാരെ കുറ്റപ്പെടുത്തി. അഗ്നിമഴ പെയ്യിക്കാനും അസുഖങ്ങൾ ഭേദമാക്കാനും ഒരു മനുഷ്യനെ പറക്കാൻ പ്രാപ്തമാക്കാനും കഴിയുന്ന ശ്ലോകങ്ങൾ ഇവിടെ ഉണ്ടായിരുന്നെന്നും ഇത്‌ ബ്രിട്ടീഷുകാർ മായ്‌ച്ച്‌ കളയുകയായിരുന്നുവെന്നും മഹാവിഷ്ണു അവകാശപ്പെട്ടു.

ഇത്തരം വ്യക്തിയെ സ്കൂളിൽ സംസാരിക്കാൻ അനുവദിച്ചതിനെതിരെ കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള കക്ഷികൾ രംഗത്തെത്തി. എന്നാൽ, യൂട്യൂബിൽ നാലുലക്ഷം വരിക്കാരുള്ള മോട്ടിവേഷനൽ സ്പീക്കറാണ് മഹാവിഷ്ണുവെന്നും അദ്ദേഹത്തിൻ്റെ പ്രസംഗം വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാനാ​ണെന്നും അനുയായികൾ അവകാശ​പ്പെട്ടു. ‘പരംപൊരുൾ ഫൗണ്ടേഷൻ’ എന്ന ഇയാളുടെ സ്ഥാപനം ആത്മീയത, യോഗ, ധ്യാനം എന്നിവ പരിശീലിപ്പിക്കുന്നുണ്ട്.

സംഭവത്തിൽ പ്രതികരണവുമായി അമേരിക്കയിലുള്ള മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രംഗത്തെത്തി. സർക്കാർ സ്കൂളുകളിലെ പരിപാടികൾ ശാസ്ത്രീയ ചിന്തകളും പുരോഗമന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതാകണമെന്നും ഇതിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - ‘Motivational’ speaker arrested in Chennai after ‘humiliating’ visually impaired teacher at school event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.