ഭോപാൽ: സ്വന്തം പശുക്കൾക്ക് ‘അനുയോജ്യ വരന്മാരെ’ കണ്ടെത്താൻ ക്ഷീര കർഷകരെ സഹായിക്കുന്നതിന് കാളകളുടെ ‘ഫുൾ ജാതകം’ നെറ്റിലിട്ട് മധ്യപ്രദേശ് മൃഗസംരക്ഷണ വകുപ്പ്.
16 വിവിധ ഇനങ്ങളിൽപ്പെട്ട 200ലധികം കാളകളുടെ വിവരങ്ങൾ ഭോപാലിലെ സെൻട്രൽ സീമൻ സ്റ്റേഷൻെറ www.cssbhopal.com എന്ന വെബ്സൈറ്റിലുണ്ട്. കാളകളുടെ വംശപാരമ്പര്യം വിശദീകരിക്കുന്ന വെബ്സൈറ്റിലെ ‘pedigree details 2019-20’ എന്ന വിഭാഗത്തിൽ ആണ് അവയുടെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. പൊതുവിവരങ്ങൾ, വിശേഷഗുണങ്ങൾ, ജനിതക രോഗങ്ങൾക്ക് നൽകിയ പ്രതിരോധ നടപടികൾ എന്നിങ്ങനെ മൂന്ന് ഇനം തിരിച്ചാണ് വിവരങ്ങൾ നൽകിയിരിക്കുന്നത്. യു.ഐ.ഡി നമ്പർ, ഇനം, ജനിച്ചതെന്ന്, കൊഴുപ്പിൻെറയും പ്രോട്ടീൻെറയും ശതമാനം എന്നിവയെല്ലാം നൽകിയിട്ടുണ്ട്.
‘ഇവിടെ 16 ഇനം കാളകളുണ്ട്. ഇതിൽ ജേഴ്സി, എച്ച്എഫ് എന്നിവയെ ഇറക്കുമതി ചെയ്തതാണ്. ഇവയുടെയെല്ലാം ബീജം ശേഖരിച്ച്, ഗുണമേന്മ നിശ്ചയിച്ച്, ശീതീകരിച്ച് സൂക്ഷിച്ചിരിക്കുകയാണ്. ഈ ഡയറക്ടറിയിലെ വിവരങ്ങൾ വേണമെങ്കിൽ ‘വൈവാഹിക രേഖ’യായും പരിഗണിക്കാം. ഈ വിവരങ്ങൾ പഠിച്ച ശേഷം തങ്ങളുടെ പശുക്കളുടെ പൊക്കവും ആരോഗ്യവും ഒക്കെ അനുസരിച്ചുള്ള കാളകളെ തെരഞ്ഞെടുത്ത് അവയുടെ ബീജം വാങ്ങാൻ ക്ഷീരകർഷകർക്ക് കഴിയും’- ഭോപാൽ സി.എസ്.എസ് മാനേജർ ഡോ. ദീപാലി ദേശ്പാണ്ഡെ പറഞ്ഞു.
ഇത് കാളകളുടെ ‘സമ്പൂർണ ജാതക’മായി കണക്കാക്കണമെന്നായിരുന്നു മധ്യപ്രദേശ് കന്നുകാലി-വളർത്തുപക്ഷി വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ ഡോ. എച്ച്.ബി.എസ് ഭദൗരിയയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.