സജ്ജൻ സിങ് വർമ

ഇൻഡോറിൽ 'നോട്ട'ക്ക് വോട്ടുതേടി കോൺഗ്രസ്; തീരുമാനം സ്ഥാനാർഥി ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്ന്

ഇൻഡോർ: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇൻഡോർ മണ്ഡലത്തിൽ 'നോട്ട'ക്ക് വോട്ടുതേടി മധ്യപ്രദേശ് കോൺഗ്രസ്. ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർഥി അക്ഷയ് കാന്തി ബാം പത്രിക പിൻവലിച്ച് ബി.ജെ.പിയിൽ ചേർന്നതിനാലാണ് നോട്ടക്കായി പ്രചാരണം നടത്താൻ കോൺഗ്രസ് തീരുമാനിച്ചത്.

കോൺഗ്രസ് നേതാക്കൾ പഴയതുപോലെ പൊതുയോഗങ്ങൾ നടത്തുകയും ജനങ്ങളെ സന്ദർശിക്കുകയും ചെയ്യും. എന്നാൽ സ്ഥാനാർഥിക്ക് വോട്ട് തേടുന്നതിന് പകരം നോട്ടക്ക് വോട്ട് ചെയ്യാൻ ജനങ്ങളോട് അഭ്യർഥിക്കും. കോൺഗ്രസ് യോഗത്തിന് ശേഷമാണ് തീരുമാനം.

നരേന്ദ്രമോദി ചെയ്തത് നിന്ദ്യമായ കുറ്റകൃത്യമാണെന്ന് കോൺഗ്രസ് നേതാവ് സജ്ജൻ സിങ് വർമ പറഞ്ഞു. ഇൻഡോർ നീതിക്ക് പേരുകേട്ടതാണെന്നും എന്നാൽ ബി.ജെ.പി അനീതിയുടെ നിർവചനം എഴുതിയെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി വിജയിച്ചാൽ ഭരണഘടനയും ജനാധിപത്യവും നിലനിൽക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

"സമ്മർദം ചെലുത്തി നാമനിർദ്ദേശ പത്രിക പിൻവലിപ്പിക്കുന്നത് ജനാധിപത്യത്തിന്‍റെ കൊലപാതകമാണ്. ഇത് ഇൻഡോറിന്‍റെ ഐഡന്‍റിറ്റിയെ ചോദ്യം ചെയ്യലാണ്. നോട്ട മാത്രമാണ് ഏക പോംവഴി. ജനാധിപത്യം നിലനിർത്തണമെങ്കിൽ, ഇൻഡോർ രാജ്യത്തുടനീളം മാതൃക കാണിക്കേണ്ടതുണ്ട്. നോട്ടക്ക് വോട്ട് ചെയ്യുക. വീണ്ടും ജനാധിപത്യം സ്ഥാപിക്കുക" - സജ്ജൻ സിങ് വർമ പറഞ്ഞു.

ബി.ജെ.പി ഇൻഡോറിനെ കളങ്കപ്പെടുത്തി. ഭീഷണിപ്പെടുത്തി കോൺഗ്രസ് സ്ഥാനാർഥിയുടെ നാമനിർദ്ദേശ പത്രിക പിൻവലിപ്പിച്ചു. പൊതുജനങ്ങൾ വഞ്ചിക്കപ്പെട്ട സാഹചര്യത്തിൽ നോട്ടയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് കോൺഗ്രസ് നേതാവ് ശോഭ ഓസ അഭിപ്രായപ്പെട്ടു.

ഏപ്രിൽ 29നാണ് അക്ഷയ് കാന്തി ബാം പത്രിക പിൻവലിച്ചത്. ബി.ജെ.പി നേതാക്കളോടൊപ്പമാണ് പത്രിക പിൻവലിക്കാൻ സ്ഥാനാർഥി എത്തിയത്. അക്ഷയ് കാന്തി ബാമിനൊപ്പമുള്ള ചിത്രം ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്  സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. അക്ഷയ് കാന്തി ബാമിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അക്ഷയ് കാന്തി ബാമിനെ ബി.ജെ.പി സമ്മർദത്തിലാക്കിയാണ് പത്രിക പിൻവലിപ്പിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പത്രിക പിൻവലിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അക്ഷയ് കാന്തി ബാമിനെതിരെ 17 വർഷം മുമ്പുണ്ടായിരുന്ന കേസിൽ വധശ്രമക്കുറ്റം ചുമത്തിയെന്ന വിവരം പുറത്തുവന്നിരുന്നു.

Tags:    
News Summary - mp: Congress appeals to vote for 'NOTA' in Indore constituency after candidate Akshya Kanti Bam withdraws nomination for LS polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.