ഭോപാൽ: മധ്യപ്രദേശിലെ പന്ന ജില്ലയിൽ ഖനനം നടത്തുന്നതിനിടെ കർഷകന് ലഭിച്ചത് 50ലക്ഷം രൂപ വില വരുന്ന 13 കാരറ്റ് ഡയമണ്ട്. കർഷകനായ മുലായം സിങ്ങിനാണ് ഭാഗ്യം തെളിഞ്ഞത്.
വജ്ര ഖനികൾക്ക് പേരുകേട്ട പ്രദേശമാണ് പന്ന. നിരവധിപേരാണ് ഒറ്റദിവസം കൊണ്ട് ഇവിടെ ധനികരായി മാറിയിട്ടുള്ളത്. 13.47 കാരറ്റ് തൂക്കം വരുന്ന വജ്രമാണ് തനിക്ക് ലഭിച്ചതെന്ന് മുലായം സിങ്ങിന് ഇതുവരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഇതുകൂടാതെ തന്‍റെ പങ്കാളികളുമായി നടത്തിയ ഖനനത്തിൽ ആറു ചെറിയ വജ്രം കൂടി മുലായം കണ്ടെടുത്തു.
മുലായമിന് ലഭിച്ച വജ്രത്തിന്‍റെ വിപണി വില ഏകദേശം 50 ലക്ഷം വരുമെന്നും സർക്കാർ മാർഗനിർദേശങ്ങൾ അനുസരിച്ച് ലേലത്തിൽ യഥാർഥ വില നിർണയിക്കുമെന്നും ഡയമണ്ട് ഓഫിസിലെ അനുപം സിങ് പറഞ്ഞു. ലേലത്തിൽനിന്നുള്ള വരുമാനം സർക്കാർ റോയൽറ്റിയും നികുതിയും കിഴിച്ച് കർഷകന് നൽകും.
ലേലത്തിൽ ലഭിക്കുന്ന തുക മുലായമും പങ്കാളികളും തുല്യമായി വീതിച്ചെടുക്കുമെന്ന് സന്തോഷം പങ്കുവെച്ച് അവർ പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഇൗ തുക െചലവഴിക്കുമെന്ന് മുലായം പറഞ്ഞു.
പന്ന ജില്ലയിൽ 12ലക്ഷം കാരറ്റിന്‍റെ വജ്ര ശേഖരം ഉണ്ടെന്നാണ് കണക്കാക്കുന്നത്. പ്രാദേശിക കർഷകർക്കും തൊഴിലാളികൾക്കും വജ്ര ഖനനത്തിനായി ചെറിയ പ്രദേശങ്ങൾ പാട്ടത്തിന് നൽകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.