18 തികയാത്ത മുസ്‍ലിം പെൺകുട്ടിയെ മതംമാറ്റി വിവാഹംകഴിച്ച സംഭവം: സംരക്ഷണകേന്ദ്രത്തിൽ നിന്ന് മോചിപ്പിക്കണമെന്ന ഭർത്താവിന്റെ ഹരജിയിൽ ട്വിസ്റ്റ്

ന്യൂഡൽഹി: വനിതാ സംരക്ഷണ കേ​ന്ദ്രത്തിൽ പാർപ്പിച്ച ഭാര്യയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് നൽകിയ ഹേബിയസ് കോർപസ് ഹരജിയിൽ ട്വിസ്റ്റ്. പ്രായപൂർത്തിയാകാത്ത മുസ്‍ലിം പെൺകുട്ടിയെ ഇയാൾ മതംമാറ്റി വിവാഹം കഴിച്ചതാണെന്ന് കണ്ടെത്തിയ ​കോടതി, ഇതേക്കുറിച്ച് അന്വേഷിച്ച ശേഷം മതി ഹേബിയസ് കോർപസ് ഹരജി പരിഗണിക്കുന്നതെന്ന് ഉത്തരവിട്ടു.

ഭാര്യയെ വെൽഫെയർ ഹോമിൽനിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2021 ഡിസംബറിൽ യുവാവ് സമർപ്പിച്ച ഹരജിയിലാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ തീരുമാനം. പെൺകുട്ടിയെ ആര്യസമാജ പാരമ്പര്യമനുസരിച്ച് മതംമാറ്റിയതിന്റെ സാധുതയെക്കുറിച്ച് അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ രോഹിത് ആര്യ, മിലിന്ദ് രമേഷ് ഫഡ്‌കെ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ആര്യസമാജ് വിവാഹ മന്ദിർ ട്രസ്റ്റിൽ 2019ലാണ് ഇരുവരും വിവാഹിതരാ​യതെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ സുരേഷ് അഗർവാൾ പറയുന്നു. പ്രായപൂർത്തിയാകാത്ത മുസ്‍ലിം കുട്ടി ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തശേഷം ക്ഷേത്ര പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ഒരു സത്യവാങ്മൂലത്തിൽ ഒപ്പിട്ടാണ് വിവാഹിതയായത്.

തുടർന്ന്, പൊലീസ് സംരക്ഷണം ആവശ്യ​പ്പെട്ട് ദമ്പതികൾ നൽകിയ ഹർജിയിൽ പ്രദേശത്തെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടു. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാൻ മൂന്ന് മാസം കൂടിയുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതോടെ കുട്ടിയെ നാരി നികേതന് (വനിത സംരക്ഷണ കേ​ന്ദ്രം) കൈമാറാനും ഇയാൾക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കാനും കോടതി ഉത്തരവിടുകയായിരുന്നു.

പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാൾ 'ഭാര്യ'ക്ക് പ്രായപൂർത്തിയായെന്നും നാരി നികേതനിൽ നിന്ന് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ മറ്റൊരു ഹർജി സമർപ്പിച്ചു. 2021 ഡിസംബർ 2ന് ഇത് പരിഗണിച്ച ഹൈകോടതി നോട്ടീസ് പുറപ്പെടുവിച്ചു. സ്ത്രീയുടെ മതപരിവർത്തനത്തിന്റെയും വിവാഹത്തിന്റെയും നിയമസാധുതയിലാണ് കോടതി ശ്രദ്ധ കേന്ദ്രീകരിച്ചത്. തുടർന്ന്, കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന യുവാവിന്റെ അഭ്യർഥന രണ്ട് തവണ കോടതി നിരസിച്ചു.

ആര്യസമാജം ട്രസ്റ്റിന് മുസ്‍ലിം പെൺകുട്ടിയെ ഹിന്ദുവാക്കി മാറ്റാൻ കഴിയുമോ എന്ന് പരിശോധിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. അന്വേഷണം അവസാനിക്കുന്നതുവരെ, ഗ്വാളിയോറിലെ നാരി നികേതനിൽ രണ്ട് വർഷമായി കഴിയുന്ന യുവതിയെ മോചിപ്പിക്കാനുള്ള ഭർത്താവിന്റെ അപേക്ഷ കേൾക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചു.

കേസിൽ വാദം കേൾക്കുന്നതിന്റെ വീഡിയോ ക്ലിപ്പ് വൈറലായതോടെയാണ് ജൂൺ 16ലെ കോടതി ഉത്തരവ് പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. ആര്യസമാജം ട്രസ്റ്റ് നടത്തിയ മതപരിവർത്തനത്തെ ചോദ്യം ചെയ്യുന്നതും ഹരജിക്കാരന് പൊലീസ് അന്വേഷണത്തെക്കുറിച്ച് കോടതി മുന്നറിയിപ്പ് നൽകുന്നതും വീഡിയോയിൽ കേൾക്കാം. ഈ കേസിൽ പരിശോധിക്കേണ്ട 12 കാര്യങ്ങൾ കോടതി എണ്ണിപ്പറയുന്നുണ്ട്.

സ്വകാര്യ ആര്യസമാജ ക്ഷേത്രത്തിന് ഒരു വ്യക്തിയുടെ ഹിന്ദുമതത്തിലേക്കുള്ള പരിവർത്തനം നടത്താൻ കഴിയുമോ? എങ്കിൽ ഏത് നിയമപ്രകാരം എന്നതാണ് കോടതിയുടെ പ്രാഥമിക ചോദ്യം. ഈ വർഷം ജനുവരി 10 ന് പെൺകുട്ടിയുടെ മതംമാറ്റത്തെക്കുറിച്ച് അറിഞ്ഞ കോടതി ആര്യസമാജ് വിവാഹ മന്ദിർ ട്രസ്റ്റിനെ കേസിൽ കക്ഷിയാക്കിയിരുന്നു.

ഒരാഴ്ചയ്ക്കുശേഷം, മധ്യപ്രദേശ് അഡീഷണൽ അഡ്വ. ജനറൽ എം.പി.എസ്. രഘുവംശി മതപരിവർത്തനം സംബന്ധിച്ച വിഷയം ഗൗരവമുള്ളതാണെന്ന് കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് ആര്യസമാജ ട്രസ്റ്റിലെ പുരോഹിതനെ കോടതി വിളിച്ചുവരുത്തി. ഏത് നിയമപ്രകാരമാണ് പെൺകുട്ടിയെ മതം മാറ്റിയതെന്നും ഹർജിക്കാരനെ വിവാഹം കഴിച്ചതെന്നും ട്രസ്റ്റ് അഭിഭാഷകന് വിശദീകരിക്കാൻ കഴിയാതെ വന്നപ്പോൾ ഏപ്രിൽ 13 ന് ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയെ കോടതി വിളിച്ചുവരുത്തി. ആര്യസമാജ ക്ഷേത്രങ്ങൾ നടത്തുന്ന വിവാഹങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് നിർദേശിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് രഘുവംശി കോടതിയുടെ ശ്രദ്ധയിൽപെടുത്തുകയും ജൂൺ 16-ന് കോടതി ഇതുസംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിക്കുകയുമായിരുന്നു.

ആര്യസമാജത്തിന് കീഴിൽ രണ്ട് ആര്യസമാജം അംഗങ്ങൾക്ക് മാത്രമേ വിവാഹം കഴിക്കാൻ കഴിയൂ എന്ന് രഘുവംശി 'ദപ്രിന്റി'നോട് പറഞ്ഞു. ജൂലൈ 27ന് വാദം കേട്ട കോടതി, കേസ് സെപ്റ്റംബർ ഒന്നിലേക്ക് മാറ്റി.

Tags:    
News Summary - MP man’s plea to free ‘wife’ from shelter lands him in dock as HC probes marriage, her ‘conversion’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.