ന്യൂഡൽഹി: രാജ്യത്തിന്റെ വൈവിധ്യം പ്രതിഫലിക്കുന്ന നിറങ്ങളോടെ, പഴയ പാർലമെന്റ് മന്ദിരത്തിന്റെ നടുമുറ്റത്ത് അവസാന ഗ്രൂപ് ഫോട്ടോക്കായി എം.പിമാർ അണിനിരന്നു. പുതിയ മന്ദിരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായാണ് ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ ഒന്നിച്ച് ഫോട്ടോയെടുത്തത്.
ഉപരാഷ്ട്രപതിയും രാജ്യസഭ ഉപാധ്യക്ഷനുമായ ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭ സ്പീക്കർ ഓം ബിർല തുടങ്ങി ഭരണത്തലവന്മാരെല്ലാം ചിത്രമെടുപ്പിന് ഒന്നിച്ചിരുന്നു. വനിത അംഗങ്ങൾ വർണവൈവിധ്യമാർന്ന സാരിയിലും പുരുഷ അംഗങ്ങൾ ഭുരിഭാഗവും വെള്ള പൈജാമയും കുർത്തയും ഒപ്പം വിവിധ വർണങ്ങളിലുള്ള ജാക്കറ്റുമണിഞ്ഞാണ് ചരിത്രമുഹൂർത്തത്തെ കളറാക്കിയത്.
ഇതിനിടെ, ബി.ജെ.പി എം.പി നർഹരി അമിൻ കുഴഞ്ഞുവീണത് ആശങ്ക പരത്തി. മന്ത്രിമാരും മറ്റംഗങ്ങളും ഓടിയെത്തി നർഹരിക്ക് ശുശ്രൂഷ നൽകി. 68കാരനായ നർഹരി പിന്നീട് ഗ്രൂപ് ഫോട്ടോയിൽ പങ്കെടുത്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് ലോക്സഭ നേതാവ് അധീർ രഞ്ജൻ ചൗധരി, കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, സമാജ്വാദി പാർട്ടി നേതാവായ 93 കാരൻ ശഫീഖുറഹ്മാൻ ബർഖ്, മുതിർന്ന നേതാക്കളായ ശരദ് പവാർ, ഫാറൂഖ് അബ്ദുല്ല തുടങ്ങിയവരും സംബന്ധിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പിൻനിരയിലുണ്ടായിരുന്നു. ചില അംഗങ്ങൾ നിലത്തിരുന്നാണ് ഫോട്ടോക്ക് പോസ് ചെയ്തത്. ഇതിനുശേഷം രാജ്യസഭാംഗങ്ങളും ലോക്സഭാംഗങ്ങളും വെവ്വേറെ ഗ്രൂപ് ഫോട്ടോയും എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.