ന്യൂഡൽഹി: ജയിലിൽ കഴിയുന്ന യു.പിയിലെ മുൻ എം.എൽ.എ മുക്താർ അൻസാരി 32 വർഷം മുമ്പത്തെ കൊലപാതകക്കേസിൽ കുറ്റക്കാരനാണെന്ന് കോടതി. ഉത്തർ പ്രദേശിലെ വാരണാസി കോടതിയാണ് അഞ്ചു തവണ എം.എൽ.എയായിരുന്ന അൻസാരിയെ കൊലപാതകക്കേസിൽ കുറ്റക്കാരനായി വിധിച്ചത്.
1991ൽ കോൺഗ്രസ് നേതാവിന്റെ കൊലക്ക് ഉത്തരവാദി മുക്താർ അൻസാരിയാണെന്നാണ് കോടതി കണ്ടെത്തിയത്. കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ അജയ് റായിയുടെ സഹോദരൻ അവദേശ് റായിയെ 1991 ആഗസ്ത് മൂന്നിന് വാരണാസിയിലെ അജയ് റായിയുടെ വീടിനു മുന്നിൽ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.
ഈ കുറ്റം ചെയ്യുമ്പോൾ അൻസാരി എം.എൽ.എയായിരുന്നില്ല. വേറെ ക്രിമിനൽ കേസുകളിലും മുക്താർ പ്രതിയാണ്. അൻസാരിയെ ഹാജരാക്കുന്നതിന്റെ പശ്ചാത്തലത്തിൽ കോടതിയിൽ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.
മറ്റൊരാളെ തട്ടിക്കൊണ്ടുപോയി കൊന്ന കേസിൽ 10 വർഷം തടവു ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് മുക്താർ. ഏപ്രിലിലാണ് ഇൗകേസിൽ അദ്ദേഹത്തെ ശിക്ഷിച്ചത്. കോൺഗ്രസ് നേതാവിനെ കൊന്നകേസിൽ മുക്താർ അൻസാരിക്കൊപ്പം ഭീം സിങ്, മുൻ എം.എൽ.എ അബ്ദുൽ കലിം എന്നിവരുടെ പേരും എഫ്.ഐ.ആറിലുണ്ട്.
മെയ് 19 ഓടെ കേസിൽ വാദം കേൾക്കൽ പൂർത്തിയായിരുന്നു. വാദം നടന്നുകൊണ്ടിരിക്കെ, 2022 ജൂണിൽ കേസ് ഡയറി കാണാതായി. തുടർന്ന് കേസന്വേഷണം സി.ബി-സി.ഐ.ഡി ക്ക് കൈമാറിയിരുന്നു . കേസ് ഡയറിയുടെ ഫോട്ടോ കോപ്പി ഉപയോഗിച്ചാണ് ബാക്കി വാദം കേൾക്കൽ പൂർത്തിയക്കിയത്.
ഉച്ചക്ക് രണ്ടുമണിക്കാണ് കേസിൽ ശിക്ഷ വിധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.