ലഖ്നോ: ഉത്തർപ്രദേശിലെ പ്രമുഖ രാഷ്ട്രീയനേതാവും അഞ്ചുതവണ എം.എൽ.എയുമായിരുന്ന മുഖ്താർ അൻസാരിയുടെ മരണകാരണം ജയിലിലെ വിഷപ്രയോഗമെന്ന ആരോപണവുമായി കുടുംബാംഗങ്ങൾ. കടുത്ത വയറുവേദനയും ഛർദിയുമായി മാർച്ച് 26ന് ബാന്ദയിലെ റാണി ദുർഗാവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം വ്യാഴാഴ്ച രാത്രി മരണത്തിന് കീഴടങ്ങുകയായിരുന്നു. ജയിൽ അധികൃതരുടെ ഒത്താശയോടെ കുറഞ്ഞ അളവിൽ ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയതാണ് അദ്ദേഹത്തിന്റെ മരണകാരണമെന്ന് മകൻ ഉമർ അൻസാരി ആരോപിച്ചു. ഹൃദയാഘാതം മരണത്തിന് കാരണമായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടി അധികൃതർ വിശദീകരിക്കുന്നതെങ്കിലും പരാതിയെതുടർന്ന് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, മുഖ്താർ അൻസാരിയുടെ ഖബറടക്കം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ശനിയാഴ്ച സ്വദേശമായ ഗാസിപൂരിൽ നടന്നു.
ആരാണ് മുഖ്താർ അൻസാരി
മുൻ യു.പി മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതി പാവങ്ങളുടെ മിശിഹാ എന്ന് വിശേഷിപ്പിച്ച രാഷ്ട്രീയനേതാവാണ് മുഖ്താർ അൻസാരി. അദ്ദേഹത്തിന്റെ പിതാമഹൻ മുഖ്താർ അഹ്മദ് അൻസാരി സ്വാതന്ത്ര്യസമര സേനാനിയും ജാമിഅ മില്ലിയ സ്ഥാപകരിലൊരാളും മുൻ ചാൻസലറുമാണ്. ബനാറസ് ഹിന്ദു സർവകലാശാല വിദ്യാർഥി യൂനിയൻ പ്രസിഡന്റായി 1995ലായിരുന്നു മുഖ്താർ അൻസാരിയുടെ രാഷ്ട്രീയ പ്രവേശനം. പിന്നീട് കിഴക്കൻ ഉത്തർപ്രദേശിൽ വൻ സ്വാധീനമുള്ള നേതാവായി അദ്ദേഹം വളർന്നു. മൗ, ഗാസിപൂർ, വാരാണസി, ജോൻപൂർ ജില്ലകളിൽ അദ്ദേഹത്തിന് സ്വാധീനമുണ്ടായിരുന്നു.
2007ൽ സഹോദരൻ അഫ്സലിനൊപ്പം ബി.എസ്.പിയിൽ ചേർന്നു. 2009ൽ വാരാണസിയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും മുരളി മനോഹർ ജോഷിയോട് പരാജയപ്പെട്ടു. 2010ൽ ബി.എസ്.പിയിൽനിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം സഹോരനൊപ്പം ഖ്വാമി ഏകത ദൾ എന്ന പാർട്ടി രൂപവത്കരിച്ചു. 2017 നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബി.എസ്.പിയിൽ തിരിച്ചെത്തിയ മുഖ്താർ അൻസാരി വീണ്ടും മൗ മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു.
മൗ നിയമസഭ മണ്ഡലത്തിൽനിന്ന് രണ്ടുതവണ ബി.എസ്.പി ടിക്കറ്റിലടക്കം അഞ്ചു തവണ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിനെതിരെ 60ഓളം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2005 മുതൽ വിവിധ കേസുകളിൽ തടവുശിക്ഷ അനുഭവിച്ചു. 2021 ഏപ്രിൽമുതൽ ബാന്ദ ജയിലിലാണ്. എട്ട് കേസുകളിൽ കുറ്റക്കാരനാണെന്ന് യു.പി കോടതി കണ്ടെത്തിയതിനെതുടർന്ന് 2022 സെപ്റ്റംബറിൽ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
കോടതിയിൽ പരാതിപ്പെട്ടു
ഭക്ഷണത്തിൽ വിഷം നൽകി തന്നെ ജയിലിൽ കൊലപ്പെടുത്താൻ ശ്രമിക്കുന്നതായി മുഖ്താർ അൻസാരി മാർച്ച് 21ന് എം.പി/എം.എൽ.എ കോടതിയിൽ പരാതിപ്പെട്ടിരുന്നു. ജയിൽ ഭക്ഷണം കഴിച്ചശേഷം ശരീരമാകെ അസ്വസ്ഥത അനുഭവപ്പെടുന്നുവെന്നായിരുന്നു പരാതി.
തുടർന്ന് സ്പെഷൽ ജഡ്ജ് കമാൽ കാന്ത് ശ്രീവാസ്തവ മാർച്ച് 29നകം ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് തേടി. മുഖ്താർ അൻസാരിയുടെ സുരക്ഷ ഉറപ്പുവരുത്താനും നിർദേശിച്ചിരുന്നു. എന്നാൽ, മാർച്ച് 26ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം വൈകാതെ മരണത്തിന് കീഴടങ്ങി.
കുടുംബത്തിന്റെ ആരോപണങ്ങൾ
നിരവധി കേസുകളിൽ തെളിവില്ലെന്ന് കണ്ടെത്തി കോടതി മുഖ്താർ അൻസാരിയെ കുറ്റമുക്തനാക്കിയിരുന്നു. എന്നാൽ, യോഗി സർക്കാർ അധികാരത്തിൽ വന്നശേഷം അദ്ദേഹത്തെ ബാന്ദ ജയിലിലേക്ക് മാറി. ഒരിക്കലും പുറത്തിറങ്ങരുതെന്ന ഉദ്ദേശത്തോടെയാണിതെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
തന്നെ ജയിലിൽ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മാർച്ച് 21ന് അദ്ദേഹം കോടതിക്കും ആഭ്യന്തര മന്ത്രാലയത്തിനും കത്തയച്ചിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടും കാണാൻ കുടുംബാംഗങ്ങളെ അനുവദിച്ചില്ല. മരണം ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പ് എതിരാളികളുടെ കേന്ദ്രങ്ങളിൽ കരിമരുന്ന് പ്രയോഗം നടന്നു. ഇതെല്ലാം ഗൂഢാലോചനക്ക് തെളിവാണെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
ഖബറടക്കം കനത്ത സുരക്ഷയിൽ
ഗാസിപുർ/ലഖ്നോ: സ്വദേശമായ ഗാസിപുരിൽ മുഖ്താർ അൻസാരിയുടെ ഖബറടക്ക ചടങ്ങ് നടന്നത് കനത്ത സുരക്ഷയിൽ. വീട്ടിൽനിന്ന് അരകിലോമീറ്റർ അകലെയുള്ള ഖബർസ്ഥാനിൽ മാതാപിതാക്കളുടെ ഖബറിടത്തിന് സമീപമാണ് അദ്ദേഹത്തിനും അന്ത്യവിശ്രമ സ്ഥലം ഒരുക്കിയത്. വീടിന് പുറത്തും ഖബർസ്ഥാനിലും വൻ പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു.
വൻ ജനാവലി ഖബർസ്ഥാനിലേക്ക് മൃതദേഹത്തെ അനുഗമിച്ചു. ചിലർ മുദ്രാവാക്യവും വിളിച്ചു. ഖബർസ്ഥാനിലേക്ക് പ്രവേശിക്കാൻ പൊലീസ് നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. ക്രിമിനൽ കേസിൽ ജയിലിലായതിനാൽ മുഖ്താർ അൻസാരിയുടെ മൂത്ത മകനും എം.എൽ.എയുമായ അബ്ബാസ് അൻസാരിക്ക് ചടങ്ങിൽ പങ്കെടുക്കാനായില്ല.
സുപ്രീംകോടതി ജഡ്ജി അന്വേഷിക്കണം -അഖിലേഷ് യാദവ്
ലഖ്നോ: മുഖ്താർ അൻസാരിയുടെ മരണത്തിൽ സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ദുരൂഹമായ സാഹചര്യത്തിൽ തടവുകാരന്റെ മരണം ജുഡീഷ്യൽ നടപടികളിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തും. സംശയകരമായ ഇത്തരം സാഹചര്യങ്ങളിൽ സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണമാണ് ഉചിതം. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനാകാത്ത സർക്കാറിന് അധികാരത്തിൽ തുടരാൻ അർഹതയില്ല - അദ്ദേഹം പറഞ്ഞു. ബി.എസ്.പി നേതാവ് മായാവതിയും സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.