ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങുകയാണെന്ന റിപ്പോർട്ടുകൾ തള്ളി പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതാവ് മുകുൾ റോയ്. ബംഗാളിൽ ജനാധിപത്യം പുനസ്ഥാപിക്കാനായി പൊരുതുന്ന ബി.ജെ.പി സൈനികനായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച നടന്ന ബി.ജെ.പി നിയമസഭ സമാജികരുടെ സുപ്രധാന യോഗത്തിൽ എത്താതിരുന്നതോടെയാണ് മുകുൾ റോയ് പാർട്ടി വിട്ട് തൃണമൂലിലേക്ക് ചേക്കേറുന്നതായി അഭ്യൂഹങ്ങൾ ഉയർന്നത്.
'നമ്മുടെ സംസ്ഥാനത്ത് ജനാധിപത്യം പുനസ്ഥാപിക്കുന്നതിനായി ബി.ജെ.പിയുടെ പടയാളിയായി പോരാട്ടം തുടരും. ഊഹക്കച്ചവടങ്ങൾ അവസാനിപ്പിക്കാൻ എല്ലാവരോടും അഭ്യർഥിക്കുന്നു. എന്‍റെ രാഷ്ട്രീയ പാതയിൽ ഞാൻ ദൃഢനിശ്ചയത്തിലാണ്'-മുകുൾ റോയ് ട്വീറ്റ് ചെയ്തു.
മുകുൾ റോയ്യുടെ പ്രസ്താവന സ്‌തുത്യര്‍ഹമാണെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്‍റ് ജെ.പി. നഡ്ഡ അഭിപ്രായപ്പെട്ടു. ബംഗാൾ നിയമസഭയിൽ പ്രതിപക്ഷ നേതാവാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെടുന്ന നേതാവാണ് മുകുൾ റോയ്. മുഖ്യമന്ത്രി മമത ബാനർജിയെ നന്ദിഗ്രാമിൽ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സ്പീക്കർ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.