കൊൽക്കത്ത: മോദി സർക്കാർ ഏർപ്പെടുത്തിയ വി.ഐ.പി സുരക്ഷ പിൻവലിക്കണമെന്ന് തൃണമൂൽ കോൺഗ്രസിൽ മടങ്ങിയെത്തിയ മുതിർന്ന നേതാവ് മുകുൾ റോയ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടാണ് ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടത്. എന്നാൽ, മുകുൾ റോയിയുടെ ആവശ്യത്തോട് ഇതുവരെയും ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
2017ലാണ് തൃണമൂൽ ബന്ധം അവസാനിപ്പിച്ച് മുകുൾ റോയ് ബി.ജെ.പിയിൽ ചേക്കേറിയത്. ഇതിന് പിന്നാലെയാണ് മുകുൾ റോയിക്ക് സി.ആർ.പി.എഫിന്‍റെ 'വൈ പ്ലസ്' കാറ്റഗറി സുരക്ഷ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയത്. പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മുകുൾ റോയിയുടെ സുരക്ഷ 'ഇസെഡ്' വിഭാഗത്തിലേക്ക് കേന്ദ്രം ഉയർത്തിയിരുന്നു.
ബംഗാളിൽ ആദ്യമായി തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേർന്ന മുകുൾ റോയ് കഴിഞ്ഞ ദിവസം തൃണമൂലിലേക്ക് തന്നെ മടങ്ങിയെത്തിയിരുന്നു. ആഴ്ചകളായി നിലനിന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് മകൻ ശുഭ്രാൻഷുവിനൊപ്പം തൃണമൂൽ ആസ്ഥാനത്തെത്തി റോയ് പാർട്ടിയിൽ പുനഃപ്രവേശനം നടത്തിയത്.
റോയ് ബി.ജെ.പിയിൽ ചേക്കേറിയതിന് പിന്നാലെ നിരവധി നേതാക്കൾ തൃണമൂൽ വിട്ടിരുന്നു. തൃണമൂലിന്റെ സ്ഥാപകാംഗമായ മുകുൾ റോയി രാജിവെക്കുമ്പോൾ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.