മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് തുടരാം -സുപ്രീംകോടതി

ന്യൂഡൽഹി: ദേശീയ ഡാം സുരക്ഷ അതോറിറ്റി പ്രവർത്തന സജ്ജമാവുന്നതുവരെ മേൽനോട്ട സമിതി തുടരണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. അതോറിറ്റി നിലവിൽവരുന്നതുവരെ ദേശീയ ഡാം സുരക്ഷ നിയമപ്രകാരമുള്ള അധികാരങ്ങൾ മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് ഉണ്ടായിരിക്കും. ഇത് സ്ഥിരം സംവിധാനമല്ലെന്നും കോടതി വ്യക്തമാക്കി. ഉന്നതതല മേൽനോട്ട സമിതിക്ക് അധികാരം കൈമാറുന്ന കാര്യത്തിൽ സുപ്രീംകോടതി കേന്ദ്രത്തി‍െൻറയും കേരള, തമിഴ്നാട് സംസ്ഥാനങ്ങളുടെയും അഭിപ്രായം തേടി. ഈ നിയമത്തിന് കീഴിലെ ഡാം സുരക്ഷ അതോറിറ്റി പ്രവർത്തന സജ്ജമാകാൻ ഒരു വർഷമെടുക്കുമെന്ന് കേന്ദ്രം അറിയിച്ചതിനെ തുടർന്നാണ് താൽക്കാലിക ക്രമീകരണമെന്ന നിലയിൽ സുപ്രീംകോടതി ഇത്തരമൊരു നിർദേശം വെച്ചത്. മുല്ലപ്പെരിയാർ മേൽനോട്ട സമിതി ശക്തിപ്പെടുത്തുമെന്നും എ.എം. ഖൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് സൂചന നൽകി.

സമിതിക്ക് കൂടുതൽ അധികാരങ്ങൾ നൽകേണ്ട കാര്യമില്ലെന്നും ഡാം സുരക്ഷ അതോറിറ്റി നിയമം പാസായ സാഹചര്യത്തിൽ അതോറിറ്റി നിലവിൽ വരുമെന്നുമായിരുന്നു കേന്ദ്രം നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ ദേശീയ ഡാം സുരക്ഷ അതോറിറ്റി പ്രവർത്തന സജ്ജമാകാൻ ഒരു വർഷമെടുക്കുമെന്നും അതുവരെ മുല്ലപ്പെരിയാർ മേൽനോട്ട സമിതി തുടരട്ടെ എന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. അതോറിറ്റി പ്രവർത്തന സജ്ജമാകുന്നതു വരെ മേൽനോട്ട സമിതിക്ക് നിയമപരമായ എല്ലാ പ്രവർത്തനങ്ങളും നിർവഹിക്കാൻ കഴിയുമെന്ന് പറയണമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് കോടതി കേന്ദ്രത്തോട് ആരാഞ്ഞു. സ്ഥിരം സമിതി രൂപവത്കരണത്തിന് ഒരു വർഷമെടുക്കുമെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ മറുപടി നൽകി.

സുപ്രീംകോടതി ഇക്കാര്യത്തിൽ പുതിയ ഉത്തരവിറക്കും വരെ മേൽനോട്ട സമിതി തുടരണം. അണക്കെട്ടി‍െൻറ സ്ഥിരതയും ഘടനാപരമായ പ്രശ്നങ്ങളും സമയബന്ധിതമായി കൈകാര്യം ചെേയ്യണ്ടതുണ്ട്. കേന്ദ്ര നിയമത്തിൻ കീഴിലെ പ്രവർത്തനം നടത്തുന്ന മേൽനോട്ട സമിതിക്ക് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങളൊരുക്കാൻ കേന്ദ്ര സർക്കാറിന് നിർദേശം നൽകാം. ഇരു സംസ്ഥാനങ്ങളിലെയും വിദഗ്ധരെ ചേർത്ത് മേൽനോട്ട സമിതി ശക്തിപ്പെടുത്തുകയും ചെയ്യാം. വ്യാഴാഴ്ച ഇരു സംസ്ഥാനങ്ങളുടെയും നിലപാട് അറിഞ്ഞശേഷം ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ദേശീയ ഡാം സുരക്ഷ അതോറിറ്റി പൂർണതോതിൽ സജ്ജമാകുന്നതോടെ മേൽനോട്ട സമിതിയുടെ പ്രവർത്തനങ്ങൾ അതോറിറ്റിക്ക് കൈമാറണമെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.

Tags:    
News Summary - Mullaperiyar oversight committee can continue - Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.