ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതിനുള്ള സാധ്യതാപഠനത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കേരളത്തിന് അനുമതി നൽകി. ഇപ്പോഴത്തെ ഡാമിന് 366 മീറ്റർ താഴ്ഭാഗത്തായാണ് പുതിയ അണക്കെട്ടിെൻറ സാധ്യതാ പഠനം നടത്തുക.
123 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന് ബലക്ഷയമുള്ളതിനാൽ പുതിയ അണക്കെട്ടാണ് പരിഹാരമെന്ന കേരളത്തിെൻറ വാദത്തിന് ആക്കംകൂട്ടുന്ന നടപടിയാണ് ഇത്. പുതിയ അണക്കെട്ടിെൻറ സാധ്യതാപഠനത്തിനും പാരിസ്ഥിതിക പഠന അനുമതിക്കുമായുള്ള അപേക്ഷകളാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമർപ്പിച്ചിരുന്നത്.
ഇടുക്കി, എറണാകുളം, തൃശൂർ, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലയിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ ഇതാവശ്യമാണെന്ന് കേരളം നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു. കേരളത്തിൽനിന്നുള്ള എം.പിമാർ നിരവധി തവണ പാർലമെൻറിന് അകത്തും പുറത്തും കേന്ദ്ര സർക്കാറിൽ ഇതിനായി സമ്മർദം ചെലുത്തുകയും ചെയ്തിട്ടുണ്ട്.
പഠനാനുമതി റദ്ദാക്കണമെന്ന് തമിഴ്നാട്
ചെന്നൈ: മുല്ലെപ്പരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതിന് സാധ്യതാപഠനം നടത്തുന്നതിന് കേരളത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയതിൽ തമിഴ്നാട് സർക്കാർ ശക്തമായി പ്രതിഷേധിച്ചു.
അനുമതി റദ്ദാക്കണമെന്നും ഭാവിയിൽ തമിഴ്നാട് സർക്കാറുമായി കൂടിയാലോചന നടത്തിയശേഷം മാത്രമേ ഇത്തരം തീരുമാനമെടുക്കാൻ പാടുള്ളൂെവന്നും പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.
കേന്ദ്ര തീരുമാനം സുപ്രീംകോടതി വിധിക്ക് എതിരാണ്. ഇത് രണ്ടാം തവണയാണ് സാധ്യത പഠനത്തിന് കേന്ദ്രം അനുമതി നൽകുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത കത്ത് നൽകിയതോടെ കേന്ദ്രം ആദ്യം നൽകിയ അനുമതി റദ്ദാക്കിയിരുന്നു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് ആവശ്യമായ നിർദേശം നൽകണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.