മുംബൈ: മൊബൈലിൽ ഗെയിം കളിക്കുന്നത് മാതാവ് വിലക്കിയതിനു പിന്നാലെ പതിനാറുകാരൻ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. മുംബൈയിലെ ദിൻദോഷി പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ചയാണ് സംഭവം.
ബുധനാഴ്ച വൈകീട്ട് ഗെയിം കളിച്ചുകൊണ്ടിരിക്കെ, മാതാവ് ഫോൺ വാങ്ങി വെക്കുകയും കുട്ടിയോട് പഠിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ ആത്മഹത്യക്കുറിപ്പ് എഴുതിവെച്ച വിദ്യാർഥി വീട് വിട്ടിറങ്ങി. മാതാവ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ മകൻ വീട്ടിലില്ലായിരുന്നു.
ഇതിനിടെ മുറിയിൽനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും ഒരിക്കലും വീട്ടിലേക്ക് മടങ്ങിവരില്ലെന്നുമായിരുന്നു കുറിപ്പ്. ഉടൻ തന്നെ കുടുംബം വിവരം ദിൻദോഷി പൊലീസിൽ അറിയിച്ചു. പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് മാലാട്-കാണ്ടിവാലി റെയിൽവേ സ്റ്റേഷനിടയിൽ ആൺകുട്ടി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.
പൊലീസ് സ്ഥലത്തെത്തി കുട്ടിയെ തിരിച്ചറിഞ്ഞു. സംഭവത്തിൽ ബോറിവാല ഗവ. റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.