30 പേരെ രക്ഷിച്ചു, അപകടത്തിൽ വലതു കാൽ തകർന്നു; സോനു സൂദും ഫറാ ഖാനും ചേർന്ന് നവീദിന് നൽകി പുതിയ ജീവിതം

മുംബൈ: കെട്ടിടം തകർന്നുണ്ടായ അപകടത്തിൽപെട്ട 30 പേർക്ക് രക്ഷകനായെത്തുകയും ഒടുവിൽ കോൺക്രീറ്റ് പാളി വീണ് വലതുകാൽ നഷ്ടമാവുകയും ചെയ്ത യുവാവിന് കൃത്രിക കാൽ സമ്മാനിച്ച് സിനിമ താരം സോനു സൂദും കൊറിയോഗ്രാഫർ ഫറാ ഖാനും. മഹാരാഷ്ട്രയിലെ മഹദ് സ്വദേശിയായ നവീദ് ദസ്തെക്കാണ് ഇരുവരും സഹായം നൽകിയത്.

2020 ആഗസ്റ്റ് 24ന് മഹദിലെ താരിഖ് ഗാർഡൻ കെട്ടിടം തകർന്ന് അപകടമുണ്ടായിരുന്നു. കുട്ടികൾ ഉൾപ്പെടെ 30 പേരെയാണ് അന്ന് നവീദ് ദസ്തെ അതിസാഹസികമായി രക്ഷിച്ചത്. എന്നാൽ, രക്ഷാപ്രവർത്തനത്തിനിടെ കോൺക്രീറ്റ് സ്ലാബ് അടർന്ന് ദസ്തയുടെ കാലിൽ വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയയിലൂടെ കാൽ മുറിച്ചുമാറ്റേണ്ടിവന്നു.




 

മുംബൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു ചികിത്സ. ചാരിറ്റി സ്ഥാപനം വഴി നവീദിന് വിദേശത്തു നിന്നെത്തിച്ച കൃത്രിമ കാൽ ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, കാൽ ഘടിപ്പിച്ചതിന് ശേഷം പല ബുദ്ധിമുട്ടുകളുമുണ്ടായി. പുതിയ മുറിവുകളുണ്ടായി. തുടർന്നുള്ള പരിശോധനയിൽ കാലിൽ എല്ലുകൾ വളരുന്നുണ്ടെന്നും ഒന്നുകൂടെ ശസ്ത്രക്രിയ ചെയ്യണമെന്നും ഡോക്ടർമാർ നിർദേശിച്ചു. ഈ ശസ്ത്രക്രിയ കഴിഞ്ഞതോടെ ഉണ്ടായിരുന്ന കൃത്രിമ കാൽ ഉപയോഗിക്കാൻ കഴിയാതായി.




 

തുടർന്ന് ഫറാ ഖാനുമായും സോനു സൂദുമായും ബന്ധപ്പെടുകയായിരുന്നു. നവീദിന് കൃത്രിമ കാൽ നൽകുമെന്ന് ഇരുവരും ഉറപ്പുനൽകി. ഗുജറാത്തിലെ സൂറത്തിൽ വെച്ചാണ് പുതിയ കൃതിമകാൽ ഘടിപ്പിച്ചത്. സോനു സൂദ് ഫൗണ്ടേഷനാണ് ഇതിന്‍റെ ചെലവ് വഹിച്ചത്. സോനു സൂദാണ് കാര്യങ്ങളെല്ലാം ചെയ്തതെന്നും താൻ സൗകര്യമൊരുക്കുക മാത്രമാണ് ചെയ്തതെന്നും ഫറാ ഖാൻ പറഞ്ഞു.

എല്ലാ ഇന്ത്യക്കാരും നവീദിനെ പോലെ മറ്റുള്ളവരെ സഹായിക്കുന്നവരാകണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് സോനു സൂദ് പറഞ്ഞു. ഫറാ ഖാൻ പറഞ്ഞപ്പോൾ തന്നെ കൃത്രിമ കാൽ ആ ഹീറോയ്ക്ക് നൽകണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. ചികിത്സ പൂർത്തിയായ കാര്യം ബന്ധുക്കൾ അറിയിച്ചതിന് പിന്നാലെ തന്നെ സൂറത്തിലെ ഏറ്റവും മികച്ച കേന്ദ്രത്തിൽ അദ്ദേഹത്തെ എത്തിച്ച് കൃത്രിമ കാൽ നൽകി -സോനു സൂദ് പറഞ്ഞു.

കൃത്രിമ കാല് ലഭിച്ചതോടെ തനിക്ക് ഇനിയും ജോലിക്ക് പോകാനാകുമെന്ന പ്രതീക്ഷയുണ്ടെന്ന് നവീദ് പറയുന്നു. കുടുംബത്തിന്‍റെ ബാധ്യതകൾ ഏറ്റെടുക്കണം. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങൾ നോക്കണം. എല്ലാവരോടും നന്ദി പറയുന്നു -നവീദ് പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.