മുംബൈ: പരിശോധനയിൽനിന്ന് രക്ഷപ്പെടാൻ കാറുകൊണ്ട് ഉയരത്തിലുള്ള പൊലീസ് ബാരിക്കേഡുകൾ ഇടിച്ചു തെറിപ്പിക്കുകയും മറ്റ് വാഹനങ്ങളിൽ ഇടിക്കുകയും ചെയ്ത 32 കാരനായ വ്യവസായിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യ ലഹരിയിലായിരുന്നു വാഹനമോടിച്ചത്.
അന്ധേരിയിലെ വെസ്റ്റേൺ എക്‌സ്പ്രസ് ഹൈവേയിൽ നടന്ന സംഭവത്തിൽ വോർളി സ്വദേശിനിയായ സഭാസാചി ദേവപ്രിയ നിഷാങ്കിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം കേസെടുത്തു.
പ്രതി ഗോഖലെ പാലത്തിലെ ബാരിക്കേഡുകളിൽ ഇടിക്കുകയും പരിശോധനയിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ മറ്റ് മൂന്ന് വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന ഒരു സ്ത്രീയും മദ്യം കഴിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരും ഇരുചക്രവാഹന യാത്രക്കാരും വഴിയാത്രക്കാരും പിന്നാലെ ചെന്ന് കാർ നിർത്താൻ പ്രതിയെ നിർബന്ധിക്കുകയും കാറിന്റെ ഡോർ തുറക്കാൻ വിസമ്മതിച്ചപ്പോൾ അവർ ഗ്ലാസ് തകർക്കുകയും ചെയ്തു.
സംഭവസ്ഥലത്ത് തടിച്ചുകൂടിയ ജനക്കൂട്ടം ഇയാളെ മർദിച്ചു. പ്രതിയെ ആശുപത്രിയിലേക്കും പിന്നീട് പൊലീസ് സ്റ്റേഷനിലേക്കും കൊണ്ടുപോയി. നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.