മുംബൈ: ഒമ്പത് വർഷം മുമ്പ് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ വീടിന് 500 മീറ്റർ അകലെനിന്ന് കണ്ടെത്തിയ വാർത്ത മുംബൈയിൽ കാട്ടുതീ പോലെയാണ് പടർന്നത്. സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ നാടകീയ സംഭവങ്ങളാണ് 16കാരിയുടെ ജീവിതത്തിൽ സംഭവിച്ചത്. പൂജ എന്ന പെൺകുട്ടിയെ 2013ലാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട് ആനി എന്ന പേരിലാണ് കുട്ടിയെ വിളിച്ചിരുന്നത്. ഇക്കാലയളവിൽ തനിക്ക് സംഭവിച്ച കാര്യങ്ങളെ കുറിച്ച് പൂജ പറയുന്നു.
തന്നെ തട്ടിക്കൊണ്ടുപോയ ദമ്പതികൾ, ജോസഫ് ഡിസൂസയും സോണിയും, ആദ്യകാലത്ത് തന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയതെന്ന് പൂജ പറയുന്നു. എന്നാൽ, 2016ൽ ഇവർക്ക് ഒരു കുഞ്ഞ് പിറന്നതോടെ കാര്യങ്ങൾ മാറി. നിരന്തര ഉപദ്രവമായി. സോണി അകാരണമായി ഉപദ്രവിക്കാൻ തുടങ്ങി. ബെൽറ്റ് ഉപയോഗിച്ച് അടിക്കുമായിരുന്നു. അടുത്തിടെ, മർദനമേറ്റ് മൂക്കിൽ നിന്ന് ചോര വന്നിരുന്നുവെന്നും പൂജ പറയുന്നു.
എന്‍റെ കുടുംബത്തോടൊപ്പം വീണ്ടും ചേരാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. ഇങ്ങനെയൊരു ദിവസം വരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നെ തട്ടിക്കൊണ്ടുവന്നതാണെന്ന് മൂന്നുവർഷമായി അറിയാമായിരുന്നു. എന്നാൽ ആരോടും ഇക്കാര്യം പറയാൻ സാധിച്ചില്ല. ആരോടും സംസാരിക്കാൻ സോണി എന്നെ അനുവദിച്ചിരുന്നില്ല. ആരുടെ അടുത്തും ഒറ്റക്ക് വിടാറുമില്ല. ബുധനാഴ്ചയാണ് ഞാൻ കുഞ്ഞിനെ നോക്കുന്ന ഫ്ലാറ്റിൽ ജോലിചെയ്യുന്ന പ്രമീളയോട് ഇക്കാര്യം സംസാരിക്കാനായത്. തുടർന്ന് ഓൺലൈനിൽ തിരഞ്ഞപ്പോഴാണ് എന്നെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട വാർത്തകൾ കണ്ടതും ബന്ധപ്പെടാനുള്ള നമ്പർ ലഭിച്ചതും -സോണി പറയുന്നു.
വിവാഹം കഴിഞ്ഞ വർഷങ്ങളായിട്ടും കുഞ്ഞുണ്ടാകാത്തതിനെ തുടർന്നാണ് ഡിസൂസയും ഭാര്യ സോണിയും ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടുവരാൻ പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു. ഒരു കുഞ്ഞിനെ തേടി നടക്കുമ്പോഴാണ് അന്തേരിയിലെ കാമ റോഡ് മുനിസിപ്പൽ സ്കൂളിന് പുറത്ത് യൂണിഫോമിൽ പൂജയെ കണ്ടത്. തുടർന്ന് കുഞ്ഞിനെ വീട്ടിലേക്ക് തട്ടിക്കൊണ്ടുവരികയായിരുന്നു.
ഇർല എന്ന സ്ഥലത്തായിരുന്നു ഡിസൂസയും സോണിയും ആദ്യം താമസിച്ചിരുന്നത്. തട്ടിക്കൊണ്ടുവന്ന പൂജയുടെ വീട് എവിടെയാണെന്ന് ഇവർക്കറിയില്ലായിരുന്നു. 2017ലാണ് അന്തേരിയിലെ ഗിൽബർട്ട് ഹില്ലിലെ പൂജയുടെ വീടിനടുത്തേക്ക് ഇവർ താമസം മാറുന്നത്. 500 മീറ്റർ അകലെ തന്‍റെ വീടും വീട്ടുകാരും ഉണ്ടെന്ന് പൂജക്കും അറിയില്ലായിരുന്നു.
പൂജയെ ആനിയെന്ന് പേരുമാറ്റി കർണാടകയിലെ സ്കൂളിലയച്ചാണ് തട്ടിക്കൊണ്ടുപോയവർ പഠിപ്പിച്ചത്. കുഞ്ഞ് ജനിച്ചതോടെ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു. പിന്നീട്, ജുഹുവിലെ ഫ്ലാറ്റിൽ കുഞ്ഞിനെ നോക്കുന്ന ജോലിക്ക് നിർത്തി. ഇവിടുത്തെ സഹജോലിക്കാരിയായ പ്രമീളയോടാണ് തന്‍റെ കഥ പൂജ പറഞ്ഞത്. എന്നാൽ, വീടെവിടെയാണെന്നോ ബന്ധുക്കൾ ആരാണെന്നോ ഒന്നും അറിയില്ലായിരുന്നു. 2013ൽ തട്ടിക്കൊണ്ടുവന്നതാണെന്നും പേര് പൂജ എന്നാണെന്നും ഡിസൂസ മദ്യപിച്ചെത്തിയപ്പോൾ പറഞ്ഞത് പൂജ ഓർത്തിരുന്നു. ബുദ്ധിമതിയായ പ്രമീള ഇക്കാര്യങ്ങൾ വെച്ചാണ് ഓൺലൈനിൽ തിരഞ്ഞത്. 'പൂജ-മിസ്സിങ്-അന്തേരി-2013' എന്നായിരുന്നു ഗൂഗിളിൽ ടൈപ്പ് ചെയ്തത്. ഇതോടെ, പൂജയെ കാണാതായ വാർത്തകളും പോസ്റ്ററുകളും ഇവർക്ക് ലഭിച്ചു.
തന്‍റെ പഴയ ചിത്രം ഓൺലൈനിൽ കണ്ടതും പഴയ പല കാര്യങ്ങളും പൂജക്ക് ഓർമവന്നു. തന്‍റെ വീട് സമീപത്തെവിടെയോ ആണെന്നും കുട്ടി മനസിലാക്കി. ഓൺലൈനിൽ കണ്ട മിസ്സിങ് പോസ്റ്ററിൽ ബന്ധപ്പെടാൻ അഞ്ച് നമ്പറുകൾ നൽകിയിരുന്നു. നാലെണ്ണത്തിൽ വിളിച്ചപ്പോഴും സ്വിച്ച് ഓഫായിരുന്നു. ഇതോടെ ഇവർക്ക് നിരാശ നിറഞ്ഞു. എന്നാൽ, അഞ്ചാമത്തെ നമ്പറിൽ വിളിച്ചപ്പോൾ പൂജയുടെ അയൽവാസിയായിരുന്ന റഫീഖ് എന്നയാളെ കിട്ടി.
ആദ്യം ഫോൺ വന്നപ്പോൾ റഫീഖ് വിശ്വസിച്ചിരുന്നില്ല. കാരണം, ഒമ്പത് വർഷത്തിനിടെ ഇത്തരത്തിൽ നിരവധി കോളുകൾ അദ്ദേഹത്തിന് വന്നിരുന്നു. ഫോട്ടോ അയച്ചുനൽകാൻ റഫീഖ് പൂജയോടും പ്രമീളയോടും ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും റഫീഖിനെ വിഡിയോ കോൾ ചെയ്തു. ഈ ദൃശ്യങ്ങൾ വീട്ടുകാരെ കാണിച്ചതോടെ അവർ ഉറപ്പിച്ചു, കാണാതായ മകൾ തന്നെയാണ് ഇതെന്ന്.
(പൂജ അമ്മയോടൊപ്പം)
പ്രമീളയുടെയും കുടുംബത്തിന്‍റെയും കോൾ വന്നയുടൻ കുടുംബം പൊലീസിൽ അറിയിക്കുകയും പൂജ ജോലി ചെയ്യുന്നിടത്തേക്ക് പുറപ്പെടുകയും ചെയ്തു. രാത്രി 8.20ഓടെ വീട്ടിന് പുറത്തേക്കിറങ്ങിവന്ന പൂജ ഒമ്പത് വർഷത്തിന് ശേഷം ആദ്യമായി തന്‍റെ അമ്മയായ പൂനത്തെ കണ്ടു. ഒറ്റനോട്ടത്തിൽ തന്നെ പൂനത്തിന് തന്‍റെ മകളെ തിരിച്ചറിയാനായി. പൂജയുടെ പിതാവ് വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. തുടർന്ന് പൂജയെ ഷെൽട്ടർ ഹോമിലേക്ക് കൊണ്ടുപോകുകയും ആരോഗ്യ പരിശോധനകൾ നടത്തുകയും ചെയ്തു. ശേഷം ആഗസ്റ്റ് അഞ്ചിന് പൂജയെ ബന്ധുക്കൾക്കൊപ്പം വിട്ടു.
തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത്, തടവിൽവെക്കൽ, ബാലവേല തുടങ്ങി നിരവധി വകുപ്പുകൾ ചേർത്താണ് പൊലീസ് ഡിസൂസക്കും ഭാര്യ സോണിക്കുമെതിരെ കേസെടുത്തത്. ഡിസൂസയെ റിമാൻഡ് ചെയ്തപ്പോൾ, സോണിയെ വീട്ടിൽ ആറ് വയസ്സുള്ള പെൺകുട്ടിയുള്ളതിനാൽ റിമാൻഡ് ചെയ്യാതെ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.