മുംബൈ: തെറ്റായ ഉള്ളടക്കം മാറ്റാൻ തയാറായില്ലെന്ന പരാതിയിൽ എഡുടെക് കമ്പനിയായ ബൈജൂസ് ആപ്പിന്‍റെ ഉടമസ്ഥൻ രവീന്ദ്രനെതിരെ മുംബൈ പൊലീസ് കേസെടുത്തു. ബൈജൂസ് ആപ്പിന്‍റെ യു.പി.എസ്.സി കരിക്കുലത്തിൽ തെറ്റായ ഉള്ളടക്കം ഉൾപ്പെടുത്തിയത് ചൂണ്ടികാണിച്ചിട്ടും തിരുത്തിയില്ലെന്നാണ് ക്രൈമോഫോബിയ എന്ന സ്ഥാപനം പരാതി നൽകിയത്. വിവരസാങ്കേതിക നിയമത്തിലെ 69 (എ)യും കുറ്റകരമായ ഗൂഡാലോചനക്ക് ഐ.പി.സി സെക്ഷൻ 120 (ബി)യും ചുമത്തിയാണ് എഫ്.ഐ.ആർ.
സംഘടിതമായ അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭ രൂപപ്പെടുത്തിയ ചട്ടങ്ങൾ ഇന്ത്യയിൽ നടപ്പാക്കുന്ന ഏജൻസിയാണ് സി.ബി.ഐ എന്ന് ബൈജൂസിന്‍റെ യൂ.പി.എസ്.സി കരിക്കുലത്തിലുണ്ട്. ഇത് തെറ്റാണെന്ന് ചൂണ്ടികാണിച്ച് ൈക്രമോഫോബിയ സ്ഥാപനം ബൈജൂസിന് പരാതി നൽകിയിരുന്നു. എന്നാൽ, കേന്ദ്ര ആഭ്യന്തര വകുപ്പ് 2012 ൽ നൽകിയ ഒരു അറിയിപ്പനുസരിച്ച് തങ്ങളുടെ ഉള്ളടക്കം ശരിയാണെന്ന് കാണിച്ച് ബൈജൂസ് മറുപടി നൽകുകയായിരുന്നു.
സംഘടിതമായ അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങൾ നടപ്പാക്കുന്ന ഏജൻസിയല്ലെന്ന് സി.ബി.ഐ 2016 ൽ അറിയിച്ചിട്ടുണ്ടെന്ന് ക്രൈമോഫോബിയയുടെ സ്ഥാപകൻ സ്നേഹിൽ ദാൽ പറയുന്നു. സി.ബി.ഐയുടെ അറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ, അന്താരാഷ്ട്ര ചട്ടങ്ങൾ ഇന്ത്യയിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സ്നേഹിൽ ദാൽ കേന്ദ്ര സർക്കാറിനെതിരെ സുപ്രീം കോടതിയിൽ ഹരജി നൽകുകയും ചെയ്തിരുന്നു.
ബൈജൂസ് ഉള്ളടക്കം മാറ്റാൻ തയാറാകാത്തതിനാൽ ക്രൈമോഫോബിയ പൊലീസിൽ പരാതി നൽകുകയായിരുന്നു. മുംബൈ അറേ കോളനി പൊലീസാണ് കേസെടുത്തത്. എഫ്.ഐ.ആറിന്‍റെ പകർപ്പ് ലഭിക്കാത്തതിനാൽ കേസ് സംബന്ധിച്ച് പ്രതികരിക്കാനുള്ള ധാരണയില്ലെന്ന് ബൈജൂസ് വക്താവ് പറഞ്ഞു.
ക്രൈമോഫോബിയയിൽ നിന്ന് കത്ത് ലഭിച്ചിരുന്നുവെന്ന് ബൈജൂസ് വക്താവ് പറഞ്ഞു. ആഭ്യന്തര വകുപ്പിന്‍റെ 2012 എപ്രിൽ 30 ലെ ഒൗദ്യോഗിക രേഖ സഹിതം ഇതിന് മറുപടി നൽകിയതുമാണെന്ന് ബൈജൂസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.