മുംബൈ: നഗരത്തിലെ മധുരപലഹാര കടയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ശിവസേന. കറാച്ചിയെന്ന പേര് മാറ്റണമെന്നാണ് ശിവസേനയുടെ ആവശ്യം. ഇക്കാര്യത്തിൽ കൂടുതൽ കുഴപ്പത്തിലേക്ക് നീങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും അഭിഭാഷകനുമായി കൂടിയാലോചിച്ച് പേര് മാറ്റുമെന്നും ബാന്ദ്രയിലെ കടയുടമ പ്രതികരിച്ചു.
കടയുടെ പേരിൽ നിന്ന് കറാച്ചി ഒഴിവാക്കണമെന്ന ശിവസേന നേതാവ് ആവശ്യപ്പെടുന്ന വിഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ശിവസേന നേതാവ് നിതിൻ നന്ദോഗോൻഗറാണ് കടയുടെ പേര് മാറ്റണമെന്ന ആവശ്യമായി രംഗത്തെത്തിയതെന്ന് ഉടമ പറഞ്ഞു. ശിവസേന നേതാവ് മാന്യമായാണ് സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കടയുടമയോട് സംസാരിക്കുന്നതിൻെറ വിഡിയോ ശിവസേന നേതാവ് തന്നെ പുറത്ത് വിട്ടിരുന്നു. കറാച്ചിയെന്ന വാക്ക് ഞങ്ങൾ വെറുക്കുന്നു. അത് പാകിസ്താനിലെ തീവ്രവാദികളുടെ താവളമാണ്. അതുകൊണ്ട് നിങ്ങൾ പേര് മാറ്റണം. ഇന്ത്യൻ ജവാൻമാർ തീവ്രവാദികളോട് പോരാടിയാണ് വീരമൃത്യു വരിച്ചത്. അതിനാൽ മഹാരാഷ്ട്രയിലും മുംബൈയിലും കറാച്ചിയെന്ന പേര് അനുവദിക്കാനാവില്ല. നിങ്ങൾക്ക് കുടുംബത്തിൻെറ പേരോ മറ്റ് ഏതെങ്കിലും പേരോ മധുരപലഹാര കടക്ക് നൽകാം. പേര് മാറ്റാനായി സമയം അനുവദിക്കുകയാണെന്നും ശിവസേന നതോവ് വിഡിയോയിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.