തിരുവനന്തപുരം: സൂറത്ത് കോടതിവിധി മുൻനിർത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ ലോക്സഭാ സെക്രട്ടറിയേറ്റിന്‍റെ നടപടിയിലൂടെ സംഘപരിവാർ ഫാഷിസം എല്ലാ മറകളും നീക്കി വെളിപ്പെട്ടിരിക്കുകയാണെന്നും ഇതിലൂടെ ജനാധിപത്യത്തെ ആർ.എസ്.എസ് ഫാഷിസം കൊലപ്പെടുത്തുകയാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി പറഞ്ഞു.
ഭരണകൂടത്തെ വിമർശിക്കുന്ന രാഷ്ട്രീയ പ്രസംഗത്തെ മുൻനിർത്തി സൂറത്ത് കോടതി പുറപ്പെടുവിച്ച വിധി അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതാണ്. വംശഹത്യക്ക് നേതൃത്വം കൊടുത്തവരും അതിനു നിരന്തരം ആഹ്വാനം ചെയ്യുന്നവരും പ്രധാനമന്ത്രിയും മന്ത്രിമാരും ലോക്സഭാ അംഗങ്ങളുമായി വിലസുന്ന ഇന്ത്യയിലാണ് രാഷ്ട്രീയ പ്രസംഗത്തിന്‍റെ പേരിൽ ഒരു നേതാവ് തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടത് എന്നത് വിചിത്രമാണ്.
ആ വിധി തന്നെ 30 ദിവസത്തേക്ക് നടപ്പാക്കുന്നത് കോടതി തന്നെ സ്റ്റേ ചെയ്തിരുന്നു. അതിൻമേലുള്ള അപ്പീൽ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ ധൃതി പിടിച്ച് ലോക്സഭാ അംഗത്വത്തിൽ നിന്ന് രാഹുൽഗാന്ധിയെ പുറത്താക്കാൻ എടുത്ത തീരുമാനം ഒരിക്കലും സ്വാഭാവികമല്ല. ഭരണകൂട ഗൂഢാലോചനയുടെ ഭാഗമാണിത്. പ്രതിപക്ഷം ഇല്ലാത്ത രാജ്യമാണ് ആർ.എസ്.എസ് വിഭാവനം ചെയ്യുന്നത്.
പാർലമെന്‍റിൽ സർക്കാറിനെ പ്രതിസന്ധിയിലാക്കുന്ന നിരവധി ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടു കൊണ്ടിരിക്കുമ്പോൾ അതിന് നേതൃത്വം കൊടുക്കുന്ന ജനപ്രതിനിധിയെ തന്നെ പുറത്താക്കി നിശബ്ദമാക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമാണ് ഈ നടപടി എന്നത് ഉറപ്പാണ്. നേരത്തെ ലക്ഷദ്വീപ് എം.പി ഫൈസലിനെ പ്രാദേശിക കോടതി വിധിയുടെ അടിസ്ഥാനത്തിൽ അയോഗ്യനാക്കിയ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്യുകയും തീരുമാനം പിൻവലിക്കേണ്ടി വരികയും ചെയ്തിരുന്നു. ഇതൊന്നും പരിഗണിക്കാതെ രാഹുൽഗാന്ധിയുടെ അംഗത്വം റദ്ദാക്കാൻ തുനിഞ്ഞിറങ്ങിയതിലൂടെ ജനാധിപത്യത്തെ കുഴിച്ചുമൂടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു എന്ന് വ്യക്തമാവുകയാണ്.
ആർ.എസ്.എസ് ഫാഷിസത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി അണിനിരക്കേണ്ട ചരിത്രനിമിഷമാണിതെന്നും രാഹുൽഗാന്ധിക്ക് വെൽഫെയർ പാർട്ടിയുടെ ഐക്യദാർഢ്യം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.